തോൽവിക്കു കാരണം ടോപ് ഓർഡർ; സീനിയർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ നാണംകെട്ട തോൽവിക്കു പിന്നാലെ ടീമിലെ സീനിയർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. ഒരു ദിവസം കൈയിലിരിക്കെ, 340 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 155 റൺസിന് ഓൾ ഔട്ടായി. 184 റൺസിനാണ് ഇന്ത്യയുടെ തോൽവി. ജയത്തോടെ ഓസീസ് 2-1ന് പരമ്പരയിൽ മുന്നിലെത്തി.

ഇന്ത്യൻ നിരയിൽ ഓപ്പണർ യശസ്വി ജയ്‍സ്വാൾ മാത്രമാണ് പിടിച്ചുനിന്നത്. 84 റൺസെടുത്താണ് താരം പുറത്തായത്. ജയ്സ്വാളിനെ കൂടാതെ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ ബാറ്റർമാരിൽ രണ്ടക്കം കടന്നത് (104 പന്തിൽ 30 റൺസ്). നിർണായക മത്സരങ്ങളിൽ ടീമിന് തുണയാകേണ്ട സീനിയർ താരങ്ങൾ വീണ്ടും നിരാശപ്പെടുത്തി. നായകൻ രോഹിത് ശർമ (ഒമ്പത്), കെ.എൽ. രാഹുൽ (പൂജ്യം), വിരാട് കോഹ്ലി (അഞ്ച്) എന്നിവർ പതിവുപോലെ മടങ്ങി. ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത്തിന്‍റെയും കോഹ്ലിയുടെയും ഭാവി സംബന്ധിച്ച ചർച്ചകളും സജീവമായി.

പരമ്പരയിലെ അവസാന ടെസ്റ്റിനു പിന്നാലെ രോഹിത് വിരമിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ടോപ് ഓർഡർ ബാറ്റർമാരുടെ മോശം പ്രകടനമാണ് തോൽവിക്കു കാരണമെന്ന് ഗവാസ്കർ കുറ്റപ്പെടുത്തി. ‘സെലക്ടർമാരെ ആശ്രയിച്ചാണ് ഇതെല്ലാമുള്ളത്. ടോപ് ഓർഡർ ബാറ്റർമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. അവരാണ് സ്കോർ കണ്ടത്തേണ്ടിയിരുന്നത്, ടോപ് ഓർഡർ പരാജയപ്പെടുമ്പോൾ, വാലറ്റത്തെ കുറ്റപ്പെടുത്തുന്നതിൽ എന്താണ് അർഥം. സീനിയേഴ്സ് താരങ്ങളായിരുന്നു സംഭാവന നൽകേണ്ടിയിരുന്നത്. അവർ പരാജയപ്പെട്ടതാണ് തോൽവിക്കു കാരണം -ഗവാസ്കർ അഭിപ്രായപ്പെട്ടു.

ഋഷഭ് പന്തും ജയ്സ്വാളും ക്രീസിൽ നിലയുറപ്പിച്ചതോടെ മത്സരത്തിൽ ഇന്ത്യ സമനില പിടിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പന്ത് പുറത്തായതോടെ മത്സരം ഓസീസ് വരുതിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്സ്വാളിന്‍റെ ബാറ്റിങ്ങിനെ പുകഴ്ത്തിയ ഗവാസ്കർ, പന്ത് അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതിന്‍റെ നീരസവും പ്രകടിപ്പിച്ചു. ജനുവരി മൂന്നിന് സിഡ്നിയിലാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ്. പരമ്പര നിലനിർത്താൻ ഇന്ത്യക്ക് ഇനിയുള്ള ടെസ്റ്റ് മത്സരം ജയിച്ചാൽ മതി. അതേസമയം, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത തുലാസ്സിലായി. ശ്രീലങ്ക-ആസ്ട്രേലിയ ടെസ്റ്റ് മത്സരത്തെ ആശ്രയിച്ചാണ് ഇന്ത്യയുടെ ചാമ്പ്യൻഷിപ്പ് യോഗ്യതയുടെ ഭാവി.

Tags:    
News Summary - Sunil Gavaskar Lashes Out At Seniors Virat Kohli, Rohit Sharma After 4th Test Humiliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.