മെൽബൺ: ബോർഡർ -ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ 184 റൺസിന്റെ ജയത്തോടെ പരമ്പയിൽ 2-1ന്റെ ലീഡ് നേടിയിരിക്കുകയാണ് ആസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 155 റൺസിന് പുറത്തായപ്പോൾ പകുതിയിലേറെ റൺസും അടിച്ചെടുത്തത് ഓപണർ യശസ്വി ജയ്സ്വാളാണ്. 208 പന്ത് നേരിട്ട താരം 84 റൺസാണ് സ്വന്തമാക്കിയത്. എട്ട് ഫോറുകൾ ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ഒരുഘട്ടത്തിൽ ജയ്സ്വാൾ ടീമിന് സമനില സമ്മാനിക്കുമെന്ന് തോന്നിച്ച സാഹചര്യത്തിലാണ് താരം പുറത്തായത്. എന്നാൽ തേഡ് അംപയർ ഔട്ട് വിധിച്ച ജയ്സ്വാളിന്റെ പുറത്താകലിൽ വലിയ വിവാദം ഉയർന്നിരിക്കുകയാണ്.
ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ 71-ാം ഓവറിലാണ് ജയ്സ്വാൾ പുറത്തായത്. ഓവറിലെ അഞ്ചാം പന്ത് പുൾ ചെയ്ത് ബൗണ്ടറിയിലെത്തിക്കാനുള്ള ജയ്‌സ്വാളിന്റെ ശ്രമമാണ് വിക്കറ്റിൽ കലാശിച്ചത്. കുത്തിയുയർന്ന പന്തിൽ ജയ്‌സ്വാളിനു ബാറ്റു തൊടാനായില്ലെങ്കിലും, വിക്കറ്റ് കീപ്പർ അലക്സ് ക്യാരി പന്ത് കൈപ്പിടിയിൽ ഒതുക്കി. ടച്ച് ഉണ്ടെന്ന് ഉറപ്പിച്ച് ഓസീസ് താരങ്ങൾ കൂട്ടത്തോടെ വിക്കറ്റിനായി അപ്പീൽ ചെയ്തു. ഫീൽഡ് അംപയറായ ജോയൽ വിൽസൻ വിക്കറ്റ് നിഷേധിച്ചതോടെ ക്യാപ്റ്റൻ പാറ്റ് കമിൻസ് ഡി.ആർ.എസ് ആവശ്യപ്പെട്ടു.
റീപ്ലേ പരിശോധിച്ചപ്പോൾ വീണ്ടും ആശയക്കുഴപ്പമായി. പന്ത് ഗ്ലൗസിൽ തട്ടുന്നതായി സംശയം ഉയർന്നെങ്കിലും, സ്നിക്കോ മീറ്ററിൽ അതിന്റെ തെളിവു ലഭിച്ചില്ല. ഒറ്റക്കാഴ്ചയിൽ പന്തിന്റെ ഗതി ജയ്‌സ്വാളിന്റെ ബാറ്റിന്റെ തൊട്ടടുത്തുവച്ച് വ്യതിചലിക്കുന്നുണ്ട്. എന്നാൽ സ്നിക്കോമീറ്ററിൽ യാതൊന്നും കാണിക്കാതിരുന്നതോടെ റീപ്ലേ പലതവണ പരിശോധിച്ച തേഡ് അമ്പയർ ഒടുവിൽ ഔട്ട് അനുവദിക്കുകയായിരുന്നു. അമ്പയറിന്റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കിയാണ് ജയ്‌സ്വാൾ പലവിയനിലേക്ക് മടങ്ങിയത്.
അതേസമയം, തേഡ് അമ്പയറായി മറ്റാരെങ്കിലുമായിരുന്നെങ്കിൽ സാങ്കേതിക കാരണത്തിന്റെ പേരിൽ വിക്കറ്റ് നിഷേധിക്കുമായിരുന്നുവെന്ന് കമന്ററി ബോക്സിൽ സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. സ്നിക്കോ മീറ്ററിൽ പന്ത് ബാറ്റിൽ സ്പർശിച്ചതിന് തെളിവില്ലെങ്കിലും, ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പന്ത് ഗ്ലൗസിൽ തട്ടുന്നുണ്ടെന്ന ഉറപ്പിലാണ് തേഡ് അമ്പയർ ഔട്ട് അനുവദിച്ചതെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. മുൻ അമ്പയർ സൈമൺ ടോഫലും തേഡ് അമ്പയറിന്റെ തീരുമാനത്തെ ശരിവെച്ചു.
എന്നാൽ ബംഗ്ലാദേശ് സ്വദേശിയായ തേഡ് അമ്പയർ ഷറഫൂദുല്ല സായ്കാത്തിന്റെ തീരുമാനം വലിയ വഞ്ചനയാണെന്ന് ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനം സ്വീകരിക്കണമെന്നും സ്വന്തം നിലയിൽ ഔട്ട് വിധിച്ചത് ശരിയായില്ലെന്നുമാണ് ആരാധകരുടെ പക്ഷം. കമന്‍ററി ബോക്സിൽ സുനില്ഡ ഗവാസ്കറും ഇക്കാര്യം പറയുന്നുണ്ട്. നിർണായക സമയത്ത് ജയ്സ്വാളിനെ പുറത്താക്കിയതിലൂടെ ഓസീസിന് ജയം സ്വന്തമാക്കാനായെന്നും ഇത് ഇന്ത്യയുടെ ടെസ്റ്റ് ചാമ്പൻഷിപ് ഫൈനൽ പ്രവേശനത്തിന് തടസമാകുമെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. പരമ്പരയിലെ അവസാന മത്സരം ജനുവരി മൂന്നിന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.