കിങ് മരിച്ചു...; കോഹ്ലിയെ അധിക്ഷേപിച്ച് മുൻ ഓസീസ് ബാറ്റർ

മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിൽ അഞ്ചു റൺസിനു പുറത്തായതിനു പിന്നാലെ ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയെ അധിക്ഷേപിച്ച് മുൻ ആസ്ട്രേലിയൻ താരം സൈമൺ കാറ്റിച്ച്.

രണ്ടാം ഇന്നിങ്‌സിലും ഓഫ്‌സൈഡ് ട്രാപ്പില്‍ കുരുങ്ങിയാണ് താരം പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഉസ്മാന്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പരമ്പരയിലെ ഏഴ് ഇന്നിങ്‌സുകളില്‍ ആറ് തവണയും ഔട്ട്‌സൈഡ് ഓഫ് ഡെലിവറിയിലാണ് കോഹ്ലി വിക്കറ്റ് വലിച്ചെറിഞ്ഞത്. നിർണായക മത്സരത്തിൽ ലീവ് ചെയ്യേണ്ട പന്തുകള്‍ കളിക്കാന്‍ ശ്രമിച്ച് കോഹ്ലി അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുന്നതാണ് പരമ്പരയിൽ കണ്ടത്. പെർത്ത് ടെസ്റ്റിൽ നേടിയ സെഞ്ച്വറി മാറ്റി നിർത്തിയാൽ, ബാക്കിയുള്ള ആറു ഇന്നിങ്സുകളിൽ അഞ്ച്, ഏഴ്, 11, മൂന്ന്, 36, അഞ്ച് എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോർ.

മെൽബണിലെ രണ്ടാം ഇന്നിങ്സിന്‍റെ തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റു വിശീയതാരം, ഒടുവിൽ സ്റ്റാർക്കിന്‍റെ വലയിൽ വീണു. ഒരു റേഡിയോ കമന്‍ററിക്കിടെ, കിങ് മരിച്ചെന്നായിരുന്നു കാറ്റിച്ചിന്‍റെ പരാമർശം. സംഭവബഹുലമായ കരിയറിനുടമയായ കോഹ്ലി ‘കിങ്’ എന്ന ഓമനപ്പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

‘കിങ് മരിച്ചിരിക്കുന്നു. അദ്ദേഹം തളർന്ന് കിടക്കുകയാണ്. ജസ്പ്രീത് ബുംറ ഈ വിശേഷണം സ്വന്തമാക്കിയിരിക്കുന്നു. കോഹ്ലി തന്റെ പ്രകടനത്തിൽ ദുഖിതനാണ്’ -കാറ്റിച്ച് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഈ വർഷം 417 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. 24.52 ആണ് ശരാശരി. ഇന്ത്യൻ പേസ് കുന്തമുന ബുംറ പരമ്പരയിൽ ഇതുവരെ 30 വിക്കറ്റുകളാണ് വീഴ്ത്തിയത്. ആസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പരയിൽ 30 വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളറാണ്. ബിഷൻ സിങ് ബേദിയാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ ബൗളർ.

പരമ്പരയിൽ ബുംറ മൂന്ന് തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജയത്തോടെ ഓസീസ് പരമ്പരയിൽ 2-1ന് മുന്നിലെത്തി. ജനുവരി മൂന്നിന് സിഡ്നിയിലാണ് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ്. പരമ്പര നിലനിർത്താൻ ഇന്ത്യക്ക് അഞ്ചാം മത്സരം ജയിച്ചാൽ മതിയാകും. നേരത്തെ, അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസുമായി കൊമ്പുകോർത്ത കോഹ്ലിയെ, കോമാളിയാക്കി പരിഹസിച്ചാണ് ഏതാനും ആസ്ട്രേലിയൻ മാധ്യമങ്ങൾ പരിഹസിച്ചത്. നേരത്തെ, സൗരവ് ഗാംഗുലിയടക്കമുള്ള മുൻ താരങ്ങൾക്കെതിരെയും ഓസീസ് മാധ്യമങ്ങൾ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു.

Tags:    
News Summary - Simon Katich's brutal takedown of Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.