ബോർഡർ-ഗവാസ്കർ ട്രോഫി നാലാം മത്സരത്തിൽ ഇന്ത്യ ദയനീയമായി തോറ്റിരുന്നു. 185 റൺസിനാണ് ഇന്ത്യ തോറ്റത്. നാല് മത്സരം കഴിഞ്ഞപ്പോൾ പരമ്പരയിൽ 2-1ന് ആസ്ട്രേലിയ മുന്നിലെത്തി. 340 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ 155 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യയെ കടപുഴകിയത്. 84 റൺസ് നേടിയ യശ്വസ്വി ജയ്സ്വാളും 30 റൺസ് നേടിയ ഋഷഭ് പന്തുമൊഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചില്ല.
അഞ്ചാമാനായെത്തിയ ഋഷഭ് പന്തും യശ്വസ്വി ജയ്‌സ്വാളും രണ്ടാം സെഷനിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ നങ്കൂരമിട്ട് കളിച്ചിരുന്നു. ഇരുവരും ഇന്ത്യക്ക് സമനിലയെങ്കിലും നേടിതരുമെന്ന് ആരാധകർ കരുതി. തങ്ങളുടെ സ്ഥിരം അറ്റാക്കിങ് രീതി മാറ്റി സന്ദർഭമനുസരിച്ച് ഇരുവരും ഒരു ഘട്ടത്തിൽ നീങ്ങിയിരുന്നു.
ആദ്യ ടെസ്റ്റ് മുതൽ ഈ പരമ്പരയുടെ ചർച്ചാവിഷയമായിരുന്ന യശ്വസ്വി ജയ്സ്വാൾ-മിച്ചൽ സ്റ്റാർക്ക് നാലാം മത്സരത്തിലും തുടർന്നു. പരമ്പരയിൽ ഉടനീളം നീണ്ടുനിന്ന ബെയ്‍ൽസ് മാറ്റിവെക്കൽ ഭാഗ്യപരീക്ഷണത്തിലാണ് ഇരുവരും ഇത്തവണ സംവാദത്തിലെത്തിയത്. പരമ്പരയിൽ ഒരു മത്സരത്തിൽ മുഹമ്മദ് സിറാജ് ബെയ്‍ൽസ് മാറ്റിവെച്ചപ്പോൾ മാർനസ് ലബുഷെയ്ൻ അത് തിരിച്ചുവെച്ചിരുന്നു. ഇങ്ങനെ ചെയ്താൽ ബൗളർ പുറത്താകുമെന്നൊരു വിശ്വാസം ബൗളർമാർക്കിടയിലുണ്ട്.
ഇത്തവണ സ്റ്റാർക്കായിരുന്നു ബെയ്‍ൽസ് മാറ്റിവെച്ചത്. എന്നാൽ തൊട്ടുപിന്നാലെ ജയ്സ്വാൾ വീണ്ടും അത് പഴയത് പോലെയാക്കി. രണ്ട് പന്തുകൾക്ക് ശേഷം ജയ്‌സ്വാളിനോട് നിങ്ങള്‍ അന്ധവിശ്വാസിയാണോയെന്ന് സ്റ്റാര്‍ക് ചോദിക്കുന്നുണ്ട്. സ്റ്റാര്‍ക്കിന്റെ പരിഹാസം നിറഞ്ഞ ചോദ്യത്തിന് ജയ്‌സ്വാള്‍ നല്ല മറുപടി നല്‍കുന്നുമുണ്ട്. 'ഞാന്‍ എന്നില്‍ തന്നെയാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ വരെയെത്തിയത്. എന്റെ ജീവിതത്തിലെ ഈ നിമിഷം ഞാന്‍ ആസ്വദിക്കുകയാണ്', എന്നായിരുന്നു ജയ്‌സ്വാളിന്റെ മറുപടി.
നാലാം മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും മികച്ച പ്രകടനമാണ് ഓപ്പണിങ് ഇറങ്ങി യശ്വസ്വി ജയ്സ്വാൾ നടത്തിയത്. 155 റൺസ് മാത്രം നേടിയ ഇന്ത്യൻ ടീമിലെ പകുതിയിൽ കൂടുതൽ റൺസും നേടിയത് ജയ്സ്വാളാണ്. 208 പന്തുകൾ നേരിട്ട ജയ്സ്വാൾ എട്ട് ഫോറുകളടിച്ചാണ് 84 റൺസ് സ്വന്തമാക്കിയത്. ഋഷഭ് പന്ത് 30 റൺസ് നേടി. രണ്ട് ഇന്നിങ്സിൽ നിന്നും 90 റൺസും ആറ് വിക്കറ്റും നേടിയ ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് കളിയിലെ താരമായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.