റോസോ: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 400 റൺസെടുത്ത സന്ദർശകർ 250 റൺസിന് മുന്നിലാണ്. വിൻഡീസ് ഒന്നാമിന്നിങ്സിൽ 150 റൺസിന് പുറത്തായിരുന്നു. രണ്ടിന് 312 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് അരങ്ങേറ്റ സെഞ്ച്വറി വീരൻ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 171 റൺസെടുത്ത ജയ്സ്വാളിനെ അൽസാരി ജോസഫിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ ജോഷ്വ ഡാ സിൽവ ക്യാച്ചെടുത്താണ് മടക്കിയത്. മൂന്നു റൺസെടുത്ത വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനയും പുറത്തായി. കെമർ റോച്ചിനാണ് വിക്കറ്റ്. 72 റൺസുമായി വിരാട് കോഹ്ലിയും 21 റൺസ് നേടിയ രവീന്ദ്ര ജദേജയുമാണ് ക്രീസിൽ.
143 റൺസുമായാണ് ജയ്സ്വാൾ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. 36 റൺസുമായി കോഹ്ലിയും. രാവിലെ മൂന്നാം ഓവറിൽ തന്നെ ജയ്സ്വാൾ 150 കടന്നു. അരങ്ങേറ്റ ടെസ്റ്റിൽ ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി യുവതാരം. സ്പിന്നർ ജോമൽ വാരിക്കനെ അതിർത്തിക്കപ്പുറം പറത്തി ടെസ്റ്റിലെ ആദ്യ സിക്സും ജയ്സ്വാൾ നേടി.
അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയായിരുന്നു ജയ്സ്വാളിന്റെ പുറത്താകൽ. കരുതലോടെ കളിച്ച ജയ്സ്വാളിന് ഒരു ലൂസ് ഷോട്ടിൽ പിഴക്കുകയായിരുന്നു. ശിഖർ ധവാനും (187) രോഹിത് ശർമക്കും (177) ശേഷം അരങ്ങേറ്റത്തിലെ ഇന്ത്യൻ താരത്തിന്റെ മൂന്നാമത്തെ മികച്ച സ്കോറായിരുന്നു ജയ്സ്വാളിന്റെ 171 റൺസ്. 147 പന്തിലാണ് ക്ഷമാപൂർവം ബാറ്റ് വീശി വിരാട് കോഹ്ലി അർധ ശതകം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.