ബാർബഡോസ്: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇടവേളക്കുശേഷം കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി.
ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 28 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലാണ്. ഓപ്പണർമാർ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർ വേഗത്തിൽ മടങ്ങി. ഇഷാൻ കിഷൻ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. 55 പന്തിൽ 55 റൺസെടുത്താണ് താരം മടങ്ങിയത്. ശുഭ്മൻ ഗിൽ 49 പന്തിൽ 34 റൺസെടുത്തു. ഇരുവരും ഒന്നാംവിക്കറ്റിൽ 90 റൺസെടുത്തു. സഞ്ജു 19 പന്തിൽനിന്ന് ഒമ്പത് റൺസുമായി മടങ്ങി.
അക്സർ പട്ടേൽ (എട്ട് പന്തിൽ ഒന്ന്), പാർദിക് പാണ്ഡ്യ (14 പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. 16 റൺസുമായി സൂര്യകുമാർ യാദവും ഏഴു റൺസുമായി രവീന്ദ്ര ജദേജയുമാണ് ക്രീസിൽ. വിൻഡീസിനായി റൊമാരിയോ ഷെപേർഡ് രണ്ടു വിക്കറ്റും ഗുദാകേശ് മോത്തി, ജയ്ഡൻ സീൽസ്, യാനിക് കരിയ എന്നിവർ ഓരോ വിക്കറ്റ് വീതവുംനേടി.
നേരത്തെ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ടീമിലില്ല. പകരം സഞ്ജവും അക്സർ പട്ടേലും പ്ലെയിങ് ഇലവനിലെത്തി. ഹാർദിക് പാണ്ഡ്യയാണ് നായകൻ. ഒന്നാം ഏകദിനത്തിൽ എളുപ്പത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്. ഒന്നാം ഏകദിനത്തിൽ 114 റൺസിന് ആതിഥേയരെ പുറത്താക്കിയ ഇന്ത്യ, 22.5 ഓവറിൽ ലക്ഷ്യം കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.