ഹരാരെ: പുതുമുഖങ്ങളും യുവനിരയും നിറഞ്ഞ ഇന്ത്യ സിംബാബ്വെക്കെതിരായ ആദ്യ ട്വന്റി20യിൽ ഇന്നിറങ്ങും. ലോകകിരീടം നേടിയ ശേഷം വിരമിച്ച ക്യാപ്റ്റൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോഹ്ലിയുമടക്കമുള്ള സീനിയർ താരങ്ങളുടെ അഭാവത്തിൽ പുതുനിരക്ക് കഴിവ് തെളിയിക്കാനുള്ള അവസരംകൂടിയാണ് ഈ പര്യടനം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ശുഭ്മൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്.
ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അഞ്ച് മത്സരങ്ങളും നടക്കുന്നത്. നിരവധി യുവതാരങ്ങളാണ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറാനിരിക്കുന്നത്. ഓപണറായ ക്യാപ്റ്റൻ ഗില്ലിനൊപ്പം അടുത്ത സുഹൃത്തുകൂടിയായ അഭിഷേക് ശർമക്കാണ് സാധ്യത. യശസ്വി ജയ്സ്വാൾ ആദ്യ രണ്ട് മത്സരങ്ങൾക്കില്ലാത്തതിനാൽ അഭിഷേകിനെയാണ് പരിഗണിക്കുന്നത്. സയ്യിദ് മുഷ്താഖലി ട്രോഫിയിലും ഐ.പി.എല്ലിലും മാരക ഫോമിലായിരുന്നു അഭിഷേക് ശർമ. ഋതുരാജ് ഗെയ്ക്വാദും ബി. സായ് സുദർശനും ഓപണർമാരായി പരിഗണിക്കാവുന്നവരാണെങ്കിലും അഭിഷേകിനാണ് മുൻഗണന. അഭിഷേക് ഓപണറായാൽ ഗെയ്ക്വാദ് മൂന്നാം നമ്പറിൽ ഇറങ്ങാനും സാധ്യതയുണ്ട്. രാജസ്ഥാൻ റോയൽസിന്റെ അസം താരം റിയാൻ പരാഗും കന്നി മത്സരത്തിനായി കാത്തിരിക്കുകയാണ്.
ലോകകപ്പിൽ റിസർവായിരുന്ന റിങ്കു സിങ് മധ്യനിരയിൽ കളിക്കും. സഞ്ജു സാംസൺ രണ്ട് മത്സരങ്ങളിൽ കളിക്കുന്നില്ല. വിക്കറ്റ് കീപ്പർ സ്ഥാനത്ത് ധ്രുവ് ജുറൽ അരങ്ങേറും. സഞ്ജുവിന് പകരം ടീമിലുള്ള ജിതേഷ് ശർമക്ക് അവസരമുണ്ടാകില്ല. സ്പിൻ ബൗളിങ്ങിൽ പുതിയ പ്രതീക്ഷയായ രവി ബിഷ്ണോയിയും ഇന്ത്യൻ നിരയിലുണ്ടാകും. സ്പിൻ ഓൾറൗണ്ടറായ വാഷിങ്ടൺ സുന്ദറിന് ഫോമിലേക്ക് തിരിച്ചുവരാനുള്ള അവസരം കൂടിയാണ് ഈ പരമ്പര. ബൗളിങ്ങിൽ ആവേശ് ഖാനും ഖലീൽ അഹമ്മദും മുകേഷ് കുമാറുമുണ്ട്. ഐ.പി.എല്ലിൽ പഞ്ചാബിന്റെ താരമായിരുന്ന സിക്കന്ദർ റാസയാണ് സിംബാബ്വെയെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.