ഇന്ദോർ: ദക്ഷിണാഫ്രിക്കക്കെതിരെ ഒരു കളി ബാക്കിനിർത്തി സ്വന്തമാക്കിയ പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. രണ്ടുനാൾ കഴിഞ്ഞ് ലോകകപ്പിന് ആസ്ട്രേലിയയിലേക്ക് വിമാനം കയറാൻ ഒരുങ്ങുന്ന ടീമിന് എല്ലാ മേഖലകളിലും കരുത്തു കാട്ടാൻ അവസാന അവസരമാണ് ഇന്ദോറിലേത്.
പ്രമുഖരിൽ ചിലർക്ക് ഇന്ന് അവധി നൽകുമെങ്കിലും ചെറിയ വീഴ്ചകൾ പോലും കാര്യങ്ങൾ അപകടത്തിലാക്കുമെന്നതിനാൽ ഏറ്റവും മികച്ച പ്രകടനമാകും ദ്രാവിഡിന്റെ സംഘം ലക്ഷ്യമിടുന്നത്.
12 മാസം മുമ്പ് ട്വൻറി20 ലോകകപ്പിൽ നിന്ന് നേരത്തെ മടങ്ങിയതിന്റെ ക്ഷീണം ബാറ്റർമാർ ഏകദേശം മറികടന്നിട്ടുണ്ട്. എന്നല്ല, മിക്ക ടീമുകളെയും അടിച്ചിട്ട് ഒരു പടി മുന്നിൽ നിൽക്കുകയും ചെയ്യുന്നു. തിരിച്ചുവരവിൽ തുടക്കം പതറിയ കെ.എൽ. രാഹുലും ഏറെയായി ബാറ്റിങ് ഉഴറിയ വിരാട് കോഹ്‍ലിയും മികച്ച ഫോമിലാണ്.
ഏഷ്യകപ്പിനു ശേഷം 140ലേറെയാണ് കോഹ്‍ലിയുടെ സ്ട്രൈക്ക് റേറ്റ്. ഒരു സെഞ്ച്വറിയും മൂന്നു അർധ സെഞ്ച്വറിയും നേടിയിട്ടുമുണ്ട്. രോഹിതിന്റെ പ്രകടനവും ആശാവഹമായിരുന്നു. നാലാമൻ സൂര്യകുമാറാണ് ടീം ഇന്ത്യയുടെ പുതിയ ബാറ്റിങ് അവതാരം.
ബൗളർ ആരായാലും ഏതുലൈനിലും ലെങ്തിലും നേരിട്ട് അനായാസം അതിർത്തി കടത്തുന്നതിൽ 31കാരന്റെ ലാളിത്യം അത്ഭുതപ്പെടുത്തുന്നതാണ്. ഗുവാഹതിയിൽ 22 പന്തിൽ 61 എടുത്തുനിൽക്കെ നിർഭാഗ്യകരമായി റണ്ണൗട്ടായിരുന്നില്ലെങ്കിൽ പ്രോട്ടീസ് ലക്ഷ്യം പിന്നെയും ഉയർന്നേനെ.
എന്നാൽ, ബൗളിങ്ങിൽ കാര്യങ്ങൾ ഇങ്ങനെയൊന്നുമല്ല. രണ്ടാം ട്വൻറി20യിൽ 47 റൺസ് എടുക്കുമ്പോഴേക്ക് മൂന്നു വിക്കറ്റ് വീണ് വൻതോൽവി മുന്നിൽകണ്ട പ്രോട്ടീസ് പക്ഷേ, ഇന്ത്യൻ ബൗളിങ്ങിനെ ദയയില്ലാതെ അടിച്ചുപറത്തുകയായിരുന്നു. ഒരു ബൗളർക്കു പോലും ഈ കൊടുങ്കാറ്റിൽ പിടിച്ചുനിൽകാനായില്ല. എന്നിട്ടും, സ്കോർ ഏറെ ഉയരെ ആയതിനാൽ മാത്രം ഇന്ത്യ രക്ഷപ്പെട്ടു.
ഇന്ദോർ: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്‍റി20യിൽ വിരാട് കോഹ്‍ലിക്കും വിശ്രമം അനുവദിച്ച് ബി.സി.സി.ഐ. തിരുവനന്തപുരത്ത് എട്ടു വിക്കറ്റിനും ഗുവാഹതിയിൽ 16 റൺസിനും ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു. ശ്രേയസ് അയ്യർ കോഹ്‍ലിക്കു പകരം ടീമിലെത്തും.
രാഹുൽ മാറിനിൽക്കുന്നതോടെ രോഹിതിനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്യാൻ സൂര്യകുമാർ യാദവോ ഋഷഭ് പന്തോ എത്തും. രാഹുലിന് പകരം ബാറ്റർമാരെ നിശ്ചയിക്കാത്തതിനാൽ ഷഹ്ബാസ് അഹ്മദ്, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരിൽ ആർക്കെങ്കിലും നറുക്കു വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.