ഹൈദരാബാദ്: സൂര്യകുമാറും വിരാട് കോഹ്‍ലിയും തകർത്തടിച്ച കളിയിൽ ഓസീസിനെ തകർത്തെറിഞ്ഞ് ഇന്ത്യ. ആദ്യം ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെക്കുകയും പിന്നീട് ബാറ്റർമാർ ലക്ഷ്യം നേടുകയും ചെയ്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സ്കോർ ആസ്ട്രേലിയ 186, ഇന്ത്യ 187/4.
ആദ്യം ബാറ്റു ചെയ്ത ഓസീസിനെ ആഘോഷത്തിലാഴ്ത്തി കാമറോൺ ഗ്രീൻ ആഞ്ഞടിക്കുന്നതായിരുന്നു പവർേപ്ല ഓവറുകളിലെ കാഴ്ച. 21 പന്തിൽ ഗ്രീൻ അർധ സെഞ്ച്വറി കടന്നു. അതിനുടൻ അക്സർ പട്ടേൽ ആഞ്ഞടിച്ചു. ഫിഞ്ചിനെ പട്ടേൽ മടക്കിയതിന് പിന്നാലെ ഗ്രീൻ ഭുവനേശ്വർ കുമാറിന്റെ പന്തിൽ കൂടാരം കയറി. മാക്സ്വെൽ, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ് എന്നിവരും വലിയ സ്കോർ കാണാതെ തിരിച്ചുകയറി. ഒടുവിൽ ടിം ഡേവിഡും ഡാനിയൽ സാംസും ചേർന്നാണ് ടീം സ്കോർ 186ലെത്തിച്ചത്. ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, ഹർഷൽ പട്ടേൽ എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപണർമാർ കാര്യമായ സമ്പാദ്യമില്ലാതെ തിരിച്ചുപോയെങ്കിലും സൂര്യകുമാറും (69) വിരാട് കോഹ്‍ലിയും (63) ചേർന്ന് ഇന്ത്യൻ വിജയം അനായാസമാക്കുകയായിരുന്നു. ഹാർദിക് 25 റൺസുമായി പുറത്താകാതെ നിന്നു. രണ്ടു പന്ത് മാത്രം ശേഷിക്കെ നാലു റൺസ് വേണ്ടിയിരുന്ന ഇന്ത്യക്കായി ഹാർദികാണ് ബൗണ്ടറിയിലൂടെ വിജയ റൺ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.