ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന അങ്കത്തില്‍ ഇന്ത്യക്ക് 100 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സിന് പുറത്താവുകയായിരുന്നു. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറും ഷഹബാസ് അഹമ്മദും മുഹമ്മദ് സിറാജും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. 34 റണ്‍സെടുത്ത ഹെൻ റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
മൂന്നാം ഓവറില്‍ തന്നെ ക്വിന്‍റണ്‍ ഡി കോക്കിനെ (ആറ്) വാഷിങ്ടണ്‍ സുന്ദർ പുറത്താക്കി. പിന്നാലെ റീസാ ഹെന്‍ഡ്രിക്കസിനെയും (മൂന്ന്) ജാനെമാന്‍ മലാനെയും വീഴ്ത്തി മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കി. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച എയ്ഡന്‍ മര്‍ക്രമിനെ (ഒമ്പത്) ഷഹബാസ് അഹമ്മദും മടക്കിയതോടെ 43ന് നാല് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. വൈകാതെ കൂറ്റനടിക്കാരൻ ഡേവിഡ് മില്ലറെ (ഏഴ്) സുന്ദറും ആന്‍ഡില്‍ ഫെലുക്കുവായോയെ (അഞ്ച്) കുല്‍ദീപും വീഴ്ത്തി. പൊരുതി നിന്ന ക്ലാസനെ (34) ഷഹബാസ് ബൗള്‍ഡാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തെ കുല്‍ദീപ് തകർത്തെറിഞ്ഞു.
മാര്‍ക്കോ ജാന്‍സണ്‍(14), ബോണ്‍ ഫോര്‍ട്യുന്‍ (ഒന്ന്), ആന്‍റിച്ച് നോർജെ (പൂജ്യം) എന്നിവരാണ് കുല്‍ദീപിന് മുന്നില്‍ മുട്ടുമടക്കിയത്. മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയും രണ്ടാം മത്സരം ഇന്ത്യയുമാണ് ജയിച്ചത്. അവസാന മത്സരമായ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.