വിഡിയോ ദൃശ്യത്തിൽനിന്ന് 

യു.എസ് നയതന്ത്രജ്ഞർക്ക് ക്രിക്കറ്റിൽ ‘ക്രാഷ് കോഴ്സ്’; ക്ലാസെടുത്ത് സിറാജും ഗെയ്ക്‌വാദും -വിഡിയോ

മുംബൈ: ട്വന്‍റി20 ലോകകപ്പിനുള്ള അവസാനവട്ട തയാറെടുപ്പിലാണ് ടീം ഇന്ത്യ. യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിന് ശനിയാഴ്ച തുടക്കമാകും. കാനഡയും യു.എസും തമ്മിലാണ് ആദ്യ മത്സരം. ഇതിനിടെ, മുംബൈയിലെ യു.എസ് നയതന്ത്രജ്ഞർക്ക് ക്രിക്കറ്റിന്‍റെ ക്രാഷ് കോഴ്സ് നൽകിയ ഇന്ത്യൻ താരങ്ങളുടെ വിഡിയോ വൈറലായി. മുംബൈയിലെ യു.എസ് കോൺസുലേറ്റ് ജനറലാണ് ഇൻസ്റ്റഗ്രാമിൽ രസകരമായ വിഡിയോ പങ്കുവച്ചത്.

മുഹമ്മദ് സിറാജ്, ഋതുരാജ് ഗെയ്ക്‌വാദ്, ഗെയ്ക്‌വാദിന്‍റെ ഭാര്യയും ക്രിക്കറ്റ് താരവുമായ ഉത്കർഷ പവാർ, ശിവം ദുബെ, ജിതേഷ് ശർമ എന്നിവരാണ് അമേരിക്കൻ നയതന്ത്രജ്ഞർക്ക് ക്രിക്കറ്റിന്‍റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകിയത്. സിറാജ് ബോളിങ് ടിപ്സ് പഠിപ്പിച്ചപ്പോൾ, ഗെയ്ക്‌വാദും ദുബെയും ബാറ്റിങ്ങിന്‍റെ പാഠങ്ങൾ പകർന്നു നൽകി. ടീം ഇന്ത്യക്ക് ആശംസകൾ നേർന്നുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. 

ജൂൺ അഞ്ചിന് ന്യൂയോർക്കിൽ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഒമ്പതിന് പാകിസ്താൻ, 12ന് യുഎസ്.എ, 15ന് കാനഡ ടീമുകളെയും ഇന്ത്യ നേരിടും. 2013നു ശേഷം ഐ.സി.സി ട്രോഫി നേടാനാവാത്ത ടീം ഇന്ത്യ, ലോകകിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഇറങ്ങുന്നത്. ഏകദിന ലോകകപ്പിൽ 2015ലും 2019ലും സെമിയിലും 2023ൽ ഫൈനലിലും ഇന്ത്യ തോറ്റു.

2021ലും 2023ലും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലുകളിലും ഇന്ത്യയ്ക്ക് തോൽവി രുചിക്കേണ്ടിവന്നു. 2014ൽ ട്വന്‍റി20 ലോകകപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടു. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ കിരീട ജേതാക്കളായി. ഏറ്റവുമൊടുവിൽ, 2022ൽ ആസ്ട്രേലിയയിൽ നടന്ന ട്വന്‍റി20 ലോകകപ്പിൽ, സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റും ഇന്ത്യ പുറത്തായി.

Tags:    
News Summary - Indian cricketers Siraj, Dube, Gaikwad teach ‘nuts and bolts’ of the game to US diplomats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.