മുബൈ: ഇന്ത്യൻ പേസർമാരുടെ മാരക ആക്രമണത്തിൽ പിടിവിട്ട് ശ്രീലങ്ക. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ഒറ്റ ഓവറിൽ രണ്ട് വിക്കറ്റ് എറിഞ്ഞിട്ട മുഹമ്മദ് ഷമിയും ഒരു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും ചേർന്ന് ശ്രീലങ്കയുടെ ആറ് വിക്കറ്റുകൾ പിഴുതിട്ടിരിക്കുകയാണ്. പത്തോവറിൽ 14 റൺസ് മാത്രം സ്കോർ ബോർഡിൽ ചേർത്തപ്പോഴാണ് ഈ വീഴ്ച. പുറത്തായ ആറിൽ നാലുപേരും പൂജ്യരായാണ് മടങ്ങിയത്. പതും നിസ്സങ്ക, ദിമുത് കരുണരത്നെ, സദീര സമരവിക്രമ, ദുഷൻ ഹേമന്ത എന്നിവരാണ് അക്കൗണ്ട് തുറക്കാനാവാതെ മടങ്ങിയത്. കുശാൽ മെൻഡിസ്, ചരിത് അസലങ്ക എന്നിവർ ഓരോ റൺസെടുത്ത് പുറത്തായി. ഏഴ് റൺസുമായി എയ്ഞ്ചലോ മാത്യൂസും റൺസൊന്നുമെടുക്കാതെ ദുഷ്മന്ത ചമീരയുമാണ് ക്രീസിൽ.
നേരത്തെ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോഹ്‍ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ അർധസെഞ്ച്വറികളുടെ മികവിൽ ശ്രീലങ്കക്കെതിരെ കൂറ്റൻ സ്കോറാണ് ഇന്ത്യ അടിച്ചെടുത്തത്. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണ് ഇന്ത്യൻ ബാറ്റർമാർ നേടിയത്.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ശ്രീലങ്ക, സ്കോർ ബോർഡിൽ നാല് റൺസ് ആയപ്പോഴേക്കും ആദ്യ വിക്കറ്റ് വീഴ്ത്തി. ലോകകപ്പിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ നിർണായക വിക്കറ്റാണ് വീണത്. ആദ്യ പന്തിൽ ഫോറടിച്ച് തുടങ്ങിയ താരത്തെ രണ്ടാം പന്തിൽ ദിൽഷൻ മധുശങ്ക ബൗൾഡാക്കുകയായിരുന്നു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒരുമിച്ച ശുഭ്മൻ ഗില്ലും വിരാട് കോഹ്‍ലിയും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തിയതോടെ ശ്രീലങ്കൻ ബൗളർമാർ വിയർത്തു. 92 പന്തിൽ രണ്ട് സിക്സും 11 ഫോറുമടക്കം 92 റൺസെടുത്ത ഗില്ലിനെ മധുശങ്കയുടെ തന്നെ പന്തിൽ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് പിടികൂടിയതോടെ താരത്തിന് അർഹതപ്പെട്ട സെഞ്ച്വറി നഷ്ടമായി.
അടുത്ത ഊഴം വിരാട് കോഹ്‍ലിയുടേതായിരുന്നു. ഏകദിനത്തിൽ സചിന്റെ 49 സെഞ്ച്വറിയെന്ന റെക്കോഡിലേക്ക് കുതിക്കുകയായിരുന്ന കോഹ്‍ലിയെയും മധുശങ്ക തന്നെ വീഴ്ത്തി. പന്തിന്റെ ഗതിയറിയാതെ ബാറ്റ് വെച്ച താരത്തെ സ്ലിപ്പിൽ നിസ്സംഗ പിടികൂടുകയായിരുന്നു. 94 പന്തിൽ 11 ഫോറടക്കം 88 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. എന്നാൽ, ഗിൽ മടങ്ങിയ ശേഷമെത്തിയ ശ്രേയസ് അയ്യരാണ് ശ്രീലങ്കൻ ബൗളർമാരെ ദയയില്ലാതെ കൈകാര്യം ചെയ്തത്. 56 പന്തിൽ ആറ് സിക്സും മൂന്ന് ഫോറുമടക്കം അയ്യർ 82 റൺസെടുത്ത് പുറത്തായി. നാലാം വിക്കറ്റും മധുശങ്കയുടെ പേരിലായിരുന്നു. ഇത്തവണ ക്യാച്ചെടുത്തത് മഹീഷ് തീക്ഷണ.
കെ.എൽ രാഹുൽ (19 പന്തിൽ 21), സൂര്യകുമാർ യാദവ് (ഒമ്പത് പന്തിൽ 12) മുഹമ്മദ് ഷമി (നാല് പന്തിൽ രണ്ട്) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയപ്പോൾ അവസാന ഘട്ടത്തിൽ രവീന്ദ്ര ജദേജയാണ് സ്കോർ 350 കടത്തിയത്. 24 പന്തിൽ 35 റൺസെടുത്ത
താരം ഇന്നിങ്സിന്റെ അവസാന പന്തിൽ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. ഒരു റൺസുമായി ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു. ശ്രീലങ്കൻ നിരയിൽ ദിൽഷൻ മധുശങ്ക പത്തോവറിൽ 80 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദുഷ്മന്ത ചമീര ഒരു വിക്കറ്റ് നേടി. ഇന്ത്യൻ നിരയിൽ രണ്ടുപേരാണ് റണ്ണൗട്ടായി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.