പല്ലെക്കെലെ (ശ്രീലങ്ക): ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ വീരോചിതം പോരാടിയ നേപ്പാൾ ടീം അംഗങ്ങൾക്ക് ഇന്ത്യന്‍ ടീമിന്റെ ആദരം. മത്സരശേഷം നേപ്പാള്‍ ഡ്രസ്സിങ് റൂമിലെത്തി മെഡല്‍ കഴുത്തിലണിയിച്ചായിരുന്നു ആദരം. വിരാട് കോഹ്‍ലി, ഹാർദിക് പാണ്ഡ്യ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ മെഡൽ അണിയിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. ക്രിക്കറ്റിൽ ഉയർന്നുവരുന്ന ഒരു ടീമിന് ഇത്തരത്തിൽ പ്രോത്സാഹനം ഒരുക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നിരവധി ക്രിക്കറ്റ് ആരാധകരാണ് രംഗത്തെത്തുന്നത്.
കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ നേപ്പാള്‍ ഡ്രസ്സിങ് റൂമിലെത്തിയത്. ഇതിന് പുറമെ നേപ്പാള്‍ താരങ്ങള്‍ക്കെല്ലാം ഓട്ടോഗ്രാഫ് നല്‍കുകയും അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ആദ്യ മത്സരത്തില്‍ പാകിസ്താനോട് വന്‍ തോല്‍വി വഴങ്ങിയ നേപ്പാള്‍ ഇന്നലെ ഇന്ത്യയോടും തോറ്റതോടെ സൂപ്പര്‍ സിക്സിലെത്താതെ പുറത്തായിരുന്നു. ആദ്യമായാണ് ഇന്ത്യയും നേപ്പാളും ഏകദിന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. മത്സരശേഷം വിരാട് കോഹ്‍ലിക്കും രോഹിത് ശര്‍മക്കുമെല്ലാം ഒപ്പം സെല്‍ഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം നേപ്പാള്‍ താരങ്ങൾ തിരക്ക് കൂട്ടിയിരുന്നു.
ആദ്യ അഞ്ചോവറിനുള്ളില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്ന് തവണ ക്യാച്ചുകള്‍ കൈവിട്ടതോടെ നേപ്പാള്‍ ഓപണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 9.5 ഓവറില്‍ 65 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. തുടക്കത്തിൽ ആഞ്ഞടിച്ച കുശാല്‍ ഭട്കൽ (25 പന്തില്‍ 38) അര്‍ധസെഞ്ച്വറി നേടിയ ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48), ദീപേന്ദ്ര സിങ് (29), ഗുല്‍സന്‍ ജാ (23) എന്നിവരുടെ വീറുറ്റ പോരാട്ടത്തിലൂടെ 231 റൺസ് വിജയലക്ഷ്യമാണ് നേപ്പാൾ ഇന്ത്യക്ക് മുമ്പിൽ വെച്ചത്.
മഴ കാരണം 23 ഓവറില്‍ പുതുക്കി നിശ്ചയിച്ച 145 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ഓപണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് അനായാസം അടിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.