അടി, തിരിച്ചടി; നാല് റൺസ് ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ബംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. തകർപ്പൻ ബാറ്റിങ്ങുമായി ഇരുടീമും ഇഞ്ചോടിഞ്ച് പോരാടിയ രണ്ടാം ഏകദിനത്തിൽ നാല് റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടും ജയിച്ച് ഇന്ത്യ പരമ്പര പിടിക്കുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. സെഞ്ച്വറിയുമായി കളംനിറഞ്ഞ സ്മൃതി മന്ഥാനയും(136) ക്യാപ്റ്റൻ ഹർമൻ പ്രിത് കൗറും(103*) ആണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്ത് കീഴടങ്ങി.

ക്യാപ്റ്റൻ ലോറ വോൾവാർഡും (135*) മാരിസാനെ കാപ്പും(114) നടത്തിയ ഗംഭീര ചെറുത്തു നിൽപ്പാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിനരികെ എത്തിച്ചത്. നദിന ഡെ ക്ലർക്ക് 28 ഉം അന്നക്കെ ബോഷ് 18 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി പൂജ വസ്ത്രാക്കർ, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.   


റെക്കോഡിട്ട് മന്ഥാന തുടങ്ങി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ഥാനയും ക്യാപ്റ്റൻ ഹർമൻ പ്രിത് കൗറും സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ചതോടെ കൂറ്റൻ സ്കോർ പിറക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകായായിരുന്നു ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാന. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വനിതാ താരമെന്ന റെക്കോഡിൽ മിഥാലി രാജിനൊപ്പമെത്തി മന്ഥാന.

120 പന്തിൽ രണ്ടു സിക്സും 18 ഫോറുമടക്കം 136 റൺസെടുത്താണ് താരം പുറത്തായത്. 27കാരിയുടെ ഏകദിന കരിയറിലെ ഏഴാം സെഞ്ച്വറിയാണിത്. മിഥാലിയും ഏഴു സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അഞ്ചു സെഞ്ച്വറികളുമായി ഹർമൻപ്രീത് കൗറാണ് ഇരുവർക്കും പിന്നിലുള്ളത്. 39ാം ഓവറിൽ സുനെ ലൂസിന്‍റെ പന്തിൽ സിംഗ്ൾ ഓടിയാണ് താരം സെഞ്ച്വറി തികച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലും മന്ഥാന സെഞ്ച്വറി നേടിയിരുന്നു. തുടർച്ചയായി രണ്ടു സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന നേട്ടവും മന്ഥാന കൈവരിച്ചു.

ഹർമൻപ്രീത് കൗർ കൂടി മത്സരത്തിൽ മൂന്നക്കം നേടിയതോടെ ദക്ഷിണാഫ്രിക്കൻ വനിതകൾക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ വെച്ചുനീട്ടിയത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 325 റൺസാണ് ഇന്ത്യ നേടിയത്. 88 പന്തിൽ 103 റൺസെടുത്ത നായിക ഹർമൻപ്രീത് പുറത്താകാതെ നിന്നു. മന്ദാനക്കു പുറമെ, ഷഫാലി വർമ (38 പന്തിൽ 20), ദയാലൻ ഹേമലത (41 പന്തിൽ 24) എന്നിവരുടെ വിക്കറ്റുകളുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 13 പന്തിൽ 25 റൺസെടുത്ത് റിച്ച ഘോഷ് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ മന്ദാനയും കൗറും കൂടി 171 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. നാലാം വിക്കറ്റിൽ കാറും റിച്ച ഘോഷും ചേർന്ന് നേടിയ 54 റൺസിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. 

Tags:    
News Summary - Indian women won the series against South Africa by four runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.