മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റിന് നേട്ടങ്ങൾ സമ്മാനിച്ച വർഷം ജയത്തോടെ അവസാനിപ്പിക്കാൻ ഹർമൻപ്രീത് കൗറും സംഘവും ഇറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ കളി ഇന്ന് നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മലയാളി ഓൾറൗണ്ടർ മിന്നു മണിയും ഇന്ത്യൻ ടീമിലുണ്ട്. ഇയ്യിടെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ സംഘം ബംഗ്ലാദേശിനെ അവരുടെ മണ്ണിൽ 2-1ന് തോൽപിച്ചിരുന്നു. ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് ടീമുകൾകൂടി ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലെത്തിയതാണ് 2023ലെ മറ്റൊരു നേട്ടം.
നിലവിൽ ലോക റാങ്കിങ്ങിൽ രണ്ടാമതാണ് ഇംഗ്ലണ്ട്. ഇന്ത്യയാവട്ടെ നാലാം സ്ഥാനത്തും. ട്വന്റി20യിൽ ഇംഗ്ലീഷുകാർക്കെതിരെ അത്ര മികച്ച ട്രാക്ക് റെക്കോഡല്ല ഇന്ത്യക്കുള്ളത്. ആതിഥേയരെന്ന നിലയിൽ കളിച്ചപ്പോൾപോലും ഒമ്പതിൽ രണ്ടു മത്സരങ്ങൾ മാത്രമേ ജയിക്കാനായുള്ളൂ. നാട്ടിൽ ഇന്ത്യൻ ടീം ഇതുവരെ ആകെ കളിച്ചത് 50 മത്സരങ്ങളിലാണ്. 30ലും തോൽവിയായിരുന്നു ഫലം.
ഇംഗ്ലണ്ട് എ ടീമിനെതിരെ നടന്ന ട്വന്റി20 പരമ്പരയിൽ മിന്നു നയിച്ച സംഘം 1-2ന്റെ തോൽവിയും ഏറ്റുവാങ്ങി. സ്പിന്നർമാരെ തുണക്കുമെന്ന പ്രതീക്ഷയുള്ള വാംഖഡെ പിച്ചിൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാരി. താരസമ്പന്നമാണ് ഹെതർ നൈറ്റിനു കീഴിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് ടീം. പരമ്പരയിലെ മറ്റു മത്സരങ്ങൾ ഡിസംബർ ഒമ്പതിനും പത്തിനും നടക്കും. 14 മുതൽ ഒരു ടെസ്റ്റും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.