ദുബൈ: വനിത ട്വന്റി 20 ലോകകപ്പിൽ കന്നിക്കിരീടമെന്ന സ്വപ്നത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇന്ന് ആദ്യ ചുവട്. കരുത്തരും രണ്ട് തവണ റണ്ണറപ്പുകളുമായ ന്യൂസിലൻഡാണ് ഗ്രൂപ് എ പോരാട്ടത്തിൽ ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും എതിരാളികൾ. ചാമ്പ്യന്മാരായ ആസ്ട്രേലിയ, പാകിസ്താൻ, ശ്രീലങ്ക എന്നിവർകൂടി ഉൾപ്പെടുന്നതാണ് ഗ്രൂപ്പെന്നതിനാൽ ആദ്യ രണ്ട് സ്ഥാനക്കാരായി സെമി ഫൈനലിലെത്താൻ അങ്കം മുറുകും. ഇന്ത്യൻ സമയം വൈകീട്ട് 7.30 മുതൽ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
സന്നാഹ മത്സരത്തിലെ ആധികാരിക ജയങ്ങളാണ് ഹർമൻ സംഘത്തിന്റെ ആത്മവിശ്വാസമേറ്റുന്നത്. വെസ്റ്റിൻഡീസിനെ 20ഉം ദക്ഷിണാഫ്രിക്കയെ 28ഉം റൺസിന് തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത് നേടി 140ൽപരം റൺസ് രണ്ട് മത്സരങ്ങളിലും വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. ബൗളർമാരുടെ മികവാണ് ഇവിടെ നിർണായകമായത്.
പേസർമാരായ രേണുക സിങ്ങും പൂജ വസ്ത്രകറും സ്പിന്നർമാരായ ദീപ്തി ശർമയും മലയാളി ആശ ശോഭനയുമെല്ലാം നന്നായി പന്തെറിഞ്ഞു. വലിയ സ്കോറുകൾ നേടാൻ കരുത്തുള്ള ഓപണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും ക്യാപ്റ്റൻ ഹർമനും ഫോമിൽ തിരിച്ചെത്തിയാൽ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്ക് വരും.
ജെമീമ റോഡ്രിഗസും റിച്ച ഘോഷും ദീപ്തി ശർമയുമെല്ലാം ബാറ്റുകൊണ്ട് വിശ്വാസം കാക്കുന്നു. ആശക്ക് പുറമെ മലയാളി സാന്നിധ്യമായി സജന സജീവനും ടീമിലുണ്ട്. സന്നാഹത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ ജയം നേടിയ കിവി സംഘം പക്ഷേ, ഇംഗ്ലണ്ടിനോട് തോറ്റു. ഓപണർ അമേലീയ കെറും ക്യാപ്റ്റൻ സോഫി ഡിവൈനുമെല്ലാം ബാറ്റിങ്ങിൽ അപകടകാരികളാണ്.
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്യ, പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി, രേണുക സിങ്, ദയാലൻ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.
ന്യൂസിലൻഡ്: സോഫി ഡെവിൻ (ക്യാപ്റ്റൻ), അമേലീയ കെർ, സൂസി ബേറ്റ്സ്, ഈഡൻ കാർസൺ, ഇസി ഗെയ്സ്, മാഡി ഗ്രീൻ, ബ്രൂക്ക് ഹാലിഡേ, ഫ്രാൻ ജോനാസ്, ലീ കാസ്പെറെക്, കെർ, ജെസ് കെർ, റോസ് മേരി മെയർ, മോളി പെൻഫോൾഡ്, ജോർജിയ പ്ലിമ്മർ, ഹന്ന റോവ്, ലിയ താഹു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.