ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 2021 പതിപ്പിന്‍റെ മത്സരക്രമം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) പുറത്തുവിട്ടു. ഏപ്രിൽ ഒമ്പതിന് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.
അഹ്മദാബാദിൽ ബാംഗ്ലൂരും പഞ്ചാബ് കിങ്സും തമ്മിലാണ് അവസാന ലീഗ് മത്സരം. കോവിഡ് പശ്ചാത്തലത്തിൽ ആറ് വേദികളിലായി ചുരുക്കിയാണ് ടൂർണമെന്‍റ് ഒരുങ്ങുന്നത്. അഹ്മദാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, കൊൽക്കത്ത, ഡൽഹി നഗരങ്ങളാണ് ട്വന്‍റി20 മാമാങ്കത്തിന് വേദിയൊരുക്കുക.
അഹ്മദാബാദിലെ മൊേട്ടര സ്റ്റേഡിയത്തിൽ തന്നെയാണ് പ്ലേഓഫ് മത്സരങ്ങളും മെയ് 30ന് ഫൈനലും നടത്തുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പൂർത്തിയായത്.
നാല് വേദികളിലായാകും ടീമുകൾ ലീഗ് സ്റ്റേജ് മത്സരത്തിൽ മാറ്റുരക്കേണ്ടത്. 56 ലീഗ് മത്സരങ്ങളിൽ ചെന്നൈ, മുംബൈ, കൊൽക്കത്ത, ബംഗളൂരു നഗരങ്ങൾ 10 കളികൾക്ക് ആതിഥേയത്വം വഹിക്കും. ഡൽഹിയിലും അഹമദാബാദിലും എട്ട് മത്സരങ്ങൾ വീതമാകും നടക്കുക. എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദികളിലാകും നടത്തുക. ഒരു ടീമിനും ഹോം മത്സരത്തിന്‍റെ ആനുകൂല്യം ലഭ്യമാകില്ല. എല്ലാ ടീമുകൾക്കും ആറിൽ നാല് വേദികളിൽ മത്സരങ്ങളുണ്ടാകും.
ലീഗ് ഘട്ടത്തിൽ മൂന്ന് തവണ മാത്രമാകും ടീമുകൾക്ക് വേദി മാറി സഞ്ചരിക്കേണ്ടി വരിക. കോവിഡ് പശ്ചാത്തലത്തിൽ ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ കാണികളെ അനുവദിക്കില്ല. അവസാന ഘട്ടത്തിലെത്തുേമ്പാൾ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാമെന്നാണ് ബി.സി.സി.ഐ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.