മുംബൈ: കോവിഡ് ബാധയെ തുടർന്ന് ഐ.പി.എൽ സീസൺ പാതിവഴിയിൽ നിർത്തിയതോടെ സ്വന്തം താരങ്ങളെ ചാർട്ടർ വിമാനങ്ങളിൽ നാട്ടിലെത്തിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ഉടമകളായ റിലയൻസ്. മറ്റു ടീമുകളിലെ താരങ്ങൾക്കും ഈ വിമാനങ്ങളിൽ നാടുപിടിക്കാമെന്നും റിലയൻസ് അറിയിച്ചു. ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, കരീബിയൻ താരങ്ങളാണ് മുംബൈയിലെ വിദേശികൾ. ട്രെന്‍റ് ബൗൾട്ട്, ആദം മിൽനെ, ജെയിംസ് നീഷാം, ഷെയിൻ ബോണ്ട് തുടങ്ങിയവരാണ് ന്യൂസിലൻഡുകാർ. ഇവർക്കായി പോകുന്ന വിമാനത്തിൽ മറ്റു ന്യൂസിലൻഡ് താരങ്ങൾക്കും പോകാനാകും. കരീബിയൻ താരങ്ങളെയുമായി പോകുന്ന വിമാനം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ് ബർഗ് വഴി പോകും. ഇരു രാജ്യങ്ങളിലെയും താരങ്ങൾക്ക് അതിൽ നാടുപിടിക്കാം. മുംബൈക്കൊപ്പമുള്ള ക്വിന്‍റൺ ഡി കോക്കും മാർക്കോ ജാൻസണുമാണ് ദക്ഷിണാഫ്രിക്കക്കാർ. കീറൻ പൊള്ളാർഡുമായി തുടർന്ന് വിമാനം ട്രിനിഡാഡിലേക്ക് പറക്കും. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ എല്ലാവരെയും നാട്ടിലെത്തിക്കാനാണ് പദ്ധതി.
കളി നിർത്തിയ സാഹചര്യത്തിൽ താരങ്ങളെ ഇന്ത്യയിൽ നിർത്തുന്നത് അപകടകരമെന്നു മനസ്സിലാക്കി എല്ലാവരെയും മടക്കി അയക്കാൻ ക്ലബുകളും ബി.സി.സി.ഐയും ചർച്ച നടത്തിവരികയായിരുന്നു.
ഇംഗ്ലീഷ് താരങ്ങളായ ബെയർസ്റ്റോ, ജാസൺ റോയ്, മുഈൻ അലി, കറൻ എന്നിവരുൾപെടെ എട്ടു പേർ ബുധനാഴ്ച നാട്ടിലെത്തിയിരുന്നു. എല്ലാവരും സർക്കാർ അംഗീകൃത ഹോട്ടലുകളിൽ 10 ദിവസം നിർബന്ധ ക്വാറൈന്റൻ പൂർത്തിയാക്കണം.
അതേ സമയം, ഇന്ത്യയിലുള്ള ആസ്ട്രേലിയക്കാർ നാട്ടിലെത്തുന്നതിന് വിലക്കുള്ളതിനാൽ ഓസീസ് താരങ്ങൾ മാലദ്വീപിലോ ശ്രീലങ്കയിലോ കഴിയേണ്ടിവരും. താരങ്ങളും ഒഫീഷ്യലുകളുമായി 40 ഓളം ആസ്ട്രേലിയക്കാരാണ് ഇന്ത്യയിലുള്ളത്. പാറ്റ് കമിൻസ്, സ്റ്റീവൻ സ്മിത്ത്, െഗ്ലൻ മാക്സ്വെൽ, റിക്കി പോണ്ടിങ് തുടങ്ങിയവരുടെ സംഘം ഇതിനകം മാലദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.