നായകനായി 200ാം മത്സരത്തിനിറങ്ങിയ ധോണിയുടെ ചിറകേറി വിജയം കൊതിച്ചിരുന്നു ചെപ്പോക്ക് മൈതാനത്ത് ചെന്നൈ ആരാധകർ. രാജസ്ഥാൻ മുന്നിൽവെച്ച 176 റൺസ് എന്ന ശരാശരി ടോട്ടൽ പിന്തുടർന്ന ടീം ഒരു ഘട്ടത്തിൽ ആറു വിക്കറ്റിന് 113 റൺസുമായി തകർച്ചക്കു മുന്നിൽനിൽക്കെയായിരുന്നു നായകന്റെ വരവ്. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് അടിച്ചുകളിച്ചതോടെ 19 ഓവറിൽ ടീം 155ലെത്തി. അവസാന ഓവറിൽ വേണ്ടത് 21 റൺസ്.
രാജസ്ഥാൻ നായകൻ സഞ്ജു പന്തെറിയാൻ ഏൽപിച്ചത് സന്ദീപ് ശർമയെ. വെറ്ററൻ താരം എറിഞ്ഞ ആദ്യ രണ്ട് പന്തും വൈഡ്. റണ്ണ് രണ്ടെണ്ണം വന്നതോടെ ആറു പന്തിൽ 19 ആയി ചെന്നൈയുടെ ലക്ഷ്യം. ധോണി സ്ട്രൈക്കിൽ നിൽക്കെ സന്ദീപ് ഡോട് ബാൾ എറിഞ്ഞു. അതോടെ, ഉദ്വേഗമുനയിലായ ഗാലറിയെ ആവേശത്തിലാഴ്ത്തി അടുത്ത രണ്ടു പന്തും ധോണി സിക്സർ പറത്തി. നാലാം പന്തിൽ സിംഗിൾ. സ്ട്രൈക്കിനെത്തിയ ജഡേജയും സിംഗിൾ എടുത്തു ധോണിക്ക് അവസരം നൽകി. അവസാന പന്തിൽ ജയിക്കാൻ സിക്സർ വേണം. ബാറ്റു പിടിച്ച് നിൽക്കുന്നത് സാക്ഷാൽ ധോണി. മുമ്പ് ലോകകപ്പിൽ കിരീടനേട്ടത്തിലേക്കു നയിച്ച പഴയ ഓർമകളിൽ കാത്തിരുന്ന മൈതാനത്തെ നിരാശയിലാഴ്ത്തി സന്ദീപ് എറിഞ്ഞത് ഔട്ട്സൈഡ് ഓഫിൽ യോർകർ. സിംഗിൾ മാത്രം പിറന്നതോടെ മൂന്നു റൺസ് തോൽവി.
എന്നാൽ, രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവർ എറിഞ്ഞ മധ്യ ഓവറുകളിൽ കാര്യമായി റൺ പിറക്കാതെ പോയതാണ് ടീമിന് തോൽവി ഒരുക്കിയതെന്ന് ധോണി പറഞ്ഞു. സ്പിന്നർമാർക്ക് മുന്നിൽ ശിവം ദുബെ, മുഈൻ അലി എന്നിവർ മാത്രമല്ല, അർധ സെഞ്ച്വറി തികച്ച ഡെവൺ കോൺവേ പോലും പരാജയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.