വീണ്ടും പരാഗ് ഷോ! മുംബൈക്ക് മൂന്നാം തോൽവി; രാജസ്ഥാൻ ജയം ആറു വിക്കറ്റിന്; ഒന്നാമത്

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 15.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ‍്യത്തിലെത്തി.

സീസണിലെ തുടർച്ചയായ മൂന്നാം ജയവുമായി രാജസ്ഥാൻ പോയന്‍റ് ടേബിളിൽ ഒന്നാമതെത്തി. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റി ഹാർദിക് പാണ്ഡ്യക്കു കീഴിൽ കളിക്കാനിറങ്ങിയ മുംബൈക്ക് തുടർച്ചയായ മൂന്നാം തോൽവിയും. രാജസ്ഥാനായി റിയാൻ പരാഗ് തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറിയുമായി തിളങ്ങി. 39 പന്തിൽ 54 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ താരം 45 പന്തിൽ 84 റൺസ് അടിച്ചുകൂട്ടിയിരുന്നു.

യശസ്വി ജയ്സ്വാൾ (ആറു പന്തിൽ 10), ജോസ് ബട്ലർ (16 പന്തിൽ 13), സഞ്ജു സാംസൺ (10 പന്തിൽ 12), ആർ. അശ്വിൻ (16 പന്തിൽ 16) എന്നിവരാണ് പുറത്തായ താരങ്ങൾ. ശുഭം ദുബെ എട്ടു റൺസുമായി പുറത്താകാതെ നിന്നു. മുംബൈക്കായി ആകാശ് മധ്വാൾ മൂന്നു വിക്കറ്റ് നേടി. നേരത്തെ, ട്രെന്‍റ് ബോൾട്ടിന്‍റെയും യുസ് വേന്ദ്ര ചഹലിന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് മുംബൈയെ ചെറിയ സ്കോറിലൊതുക്കിയത്. നാലു ഓവറിൽ 11 റൺസ് മാത്രം വഴങ്ങിയാണ് ചഹൽ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. നാലു ഓവർ എറിഞ്ഞ ബോൾട്ട് വഴങ്ങിയത് 22 റൺസും. 34 റൺസെടുത്ത നായകൻ ഹാർദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറർ.

സീസണിലെ ആദ്യ ഹോം മത്സരത്തിന് വാംഖണ്ഡെ മൈതാനത്തിറങ്ങിയ മുംബൈ തകർച്ചയോടെയാണ് തുടങ്ങിയത്. ബോൾട്ടെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ മുൻ നായകൻ രോഹിത് ശർമ പുറത്ത്. നേരിട്ട ആദ്യ പന്തിൽ ഹിറ്റ്മാനെ വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ പറന്നു പിടിക്കുകയായിരുന്നു. അടുത്ത പന്തില്‍ നമന്‍ ധിറിനെയും മടക്കി ബോള്‍ട്ട് മുംബൈക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. രണ്ടാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ ബോള്‍ട്ട് നാന്ദ്രെ ബര്‍ഗറിന്‍റെ കൈകളിലെത്തിച്ചതോടെ മുംബൈ 2.2 ഓവറിൽ മൂന്നു വിക്കറ്റിന് 14 റൺസെന്ന നിലയിലേക്ക് തകർന്നു.

ഒരു റണ്ണുപോലും എടുക്കാതെയാണ് മുംബൈയുടെ മൂന്നു താരങ്ങളും മടങ്ങിയത്. നാലു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഓപ്പണർ ഇഷാൻ കിഷനും മടങ്ങി. 14 പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 16 റൺസാണ് താരം നേടിയത്. നായകൻ ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്നാണ് ടീം സ്കോർ 50 കടത്തിയത്. പിന്നാലെ 21 പന്തിൽ 34 റൺസെടുത്ത ഹാർദിക്ക് ചഹലിന്‍റെ പന്തിൽ പവലിന് ക്യാച്ച് നൽകി മടങ്ങി. ക്രീസിലെത്തിയ പിയൂഷ് ചൗളക്കും പിടിച്ചുനിൽക്കാനായില്ല. ആറു പന്തിൽ മൂന്നു റൺസെടുത്ത താരത്തെ ആവേശ് ഖാൻ പുറത്താക്കി. പിന്നാലെ 29 പന്തിൽ 32 റൺസുമായി തിലക് വർമയും മടങ്ങി.

ചഹലിന്‍റെ പന്തിൽ അശ്വിൻ കൈയിലൊതുക്കി. ടീം ഡേവിഡ് (24 പന്തിൽ 17), ജെറാൾഡ് കോട്സി (ഒമ്പത് പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. എട്ടു റൺസുമായി ജസ്പ്രീത് ബുംറയും നാലു റൺസുമായി ആകാശ് മധ്വാളും പുറത്താകാതെ നിന്നു. രാജസ്ഥാനായി നാന്ദ്രെ ബാർഗർ രണ്ടു വിക്കറ്റും ആവേശ് ഖാൻ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags:    
News Summary - IPL 2024: Rajasthan beat Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.