അബൂദബി: മൂന്നാം അർധസെഞ്ച്വറിയുമായി മലായാളി താരം ദേവ്ദത്ത് പടിക്കലും (63), ആദ്യമായി ഫോമിലേക്കുയർന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയും (72*) മിന്നിച്ചപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് അനായാസ ജയം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ നേടിയ 154 റൺസ് രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് അഞ്ചു പന്ത് േശഷിക്കെ ബാംഗ്ലൂർ മറികടന്നത്.
സ്കോർ:
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാനെ 154 റൺസിന് ഒതുക്കിയപ്പോൾ തന്നെ കോഹ്ലിപ്പട കളിയിൽ മേധാവിത്വം നേടിയിരുന്നു. ചെറിയ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ ബാംഗ്ലൂരിന് ആരോൺ ഫിഞ്ചിനെ (8) പെട്ടെന്ന് നഷ്ടമായെങ്കിലും മലയാളി താരം ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ വിരാട് കോഹ്ലിയും സെഞ്ച്വറി കൂട്ടുകെട്ടുമായി മൂന്നാം ജയം ഒരുക്കി. ഒരു സിക്സും ആറു ഫോറും ഉൾപ്പെടെ 45 പന്തിലായിരുന്നു പടിക്കൽ 63 റൺസെടുത്തത്. സ്കോർ 124 ൽ എത്തുേമ്പാൾ പടിക്കൽ മടങ്ങിയെങ്കിലും കോഹ്ലി പുറത്താകാതെ എ.ബി ഡിവില്ലിയേഴ്സിനെ(12) കൂട്ടുപിടിച്ച് കളി ജയിപ്പിച്ചു. രണ്ടു സിക്സും ഏഴുഫോറും ഉൾപ്പെടെ 53 പന്തിലായിരുന്നു കോഹ്ലി 72 റൺസ് എടുത്തത്.
നേരത്തെ, ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ നിരയിൽ നെടുന്തൂണായിരുന്ന മുൻനിര താരങ്ങളെല്ലാം ബാംഗ്ലൂർ ബൗളിങ്ങ് മികവിന് മുന്നിൽ തകർന്നടിഞ്ഞപ്പോൾ പ്രതീക്ഷിച്ച സ്കോറിലേക്കെത്താതെ തളരുകയായിരുന്നു. ഒരു ഘട്ടത്തിൽ വൻ പതനം മണത്തിരുന്ന ടീമിനെ ഒറ്റക്ക് താങ്ങി രാജസ്ഥാൻകാരൻ തന്നെയായ മഹിപാൽ ലോംറോറാണ് (39 പന്തിൽ 47) പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹൽ, ഇശുറു ഉദാന (രണ്ടു വിക്കറ്റ്), നവദീപ് സൈയ്നി( ഒരു വിക്കറ്റ്) എന്നിവരാണ് രാജസ്ഥാെൻറ നടുവൊടിച്ചത്.
മികച്ച കൂട്ടുകെട്ടിന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ജോസ് ബട്ട്ലറും ശ്രമിക്കുന്നതിനിടയിൽ മൂന്നാം ഒാവറിലാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കളി വരുതിയിലാക്കുന്നത്. ആദ്യം സ്റ്റീവ് സ്മിത്ത്(5), പിന്നാലെ ജോസ്ബട്ട്ലറും (22) സഞ്ജു വി സാംസണും (4). അതിനിടക്ക് റോബിൻ ഉത്തപ്പയെ(17) കൂട്ടു പിടിച്ചായിരുന്നു മഹിപാലിെൻറ (47) രക്ഷാപ്രവർത്തനം.
ആറാമനായി എത്തിയ റിയാൻ പ്രാഗും(16) മഹിപാലിന് പിന്തുണനൽകി. ഒടുവിൽ എത്തിയ രാഹുൽ തെവാത്തിയയും(12 പന്തിൽ 24) ജോഫ്ര ആർച്ചറും(10 പന്തിൽ 16) വീശിയടിച്ചതോടെയാണ് ടീം സ്കോർ 154ലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.