അടി, അടിയോടടി; ഐ.പി.എല്ലിൽ റെക്കോഡ് സ്കോർ കുറിച്ച് സൺറൈസേഴ്സ്

ഹൈദരാബാദ്: സിക്സറുകൾ ഗാലറിയിലേക്ക് നിലക്കാതെ പറന്ന ഐ.പി.എൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റെക്കോഡ് സ്കോർ കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ബാറ്റെടുത്തവരെല്ലാം പന്ത് അടിച്ചുപറത്തിയപ്പോൾ മാറിമറിഞ്ഞത് നിരവധി റെക്കോഡുകൾ. ഹെയ്ന്റിച് ക്ലാസ്സെൻ (80), അഭിഷേക് ശർമ (63), ട്രാവിസ് ഹെഡ് (62) എന്നിവരുടെ കൂറ്റനടികളോടെ സൺറൈസേഴ്സ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് അടിച്ചത്. 

ഹെയ്ന്റിച് ക്ലാസൻ 34 പന്തിൽ നിന്നാണ് പുറത്താകാതെ 80 റൺസെടുത്തത്. ഏഴ് കൂറ്റൻ സിക്സുകളും നാല് ബൗണ്ടറികളും ക്ലാസൻ നേടി. അഭിഷേക് ശർമ 23 പന്തിൽ 63 റൺസെടുത്തു. ഏഴ് സിക്സറുകളും മൂന്ന് ഫോറുമാണ് ശർമയുടെ ബാറ്റിൽ നിന്ന് പിറന്നത്. 16 പന്തിലാണ് അഭിഷേക് ശർമ അർധസെഞ്ച്വറി നേടിയത്. ട്രാവിസ് ഹെഡ് 24 പന്തിൽ 62 റൺസെടുത്തു. മൂന്ന് സിക്സറുകളും ഒമ്പത് ബൗണ്ടറികളും ഹെഡ് നേടി. ആകെ 18 സിക്സറുകളാണ് സൺറൈസേഴ്സ് ബാറ്റർമാർ അടിച്ചുകൂട്ടിയത്. 

18 പന്തിൽ 50 അടിച്ച് ഹൈദരാബാദിനായി വേഗതയേറിയ അർധസെഞ്ച്വറി കുറിച്ച ട്രാവിസ് ഹെഡിന്റെ റെക്കോർഡ് മിനിറ്റുകൾക്കുള്ളിൽ തന്നെ അഭിഷേക് ശർമ്മ 16 പന്തിൽ അർധസെഞ്ച്വറി നേടി മാറ്റിയെഴുതുകയായിരുന്നു.  

ബുംറയെ മാറ്റി നിർത്തിയാൽ എല്ലാ മുംബൈ ബാളർമാരും 12ന് മുകളിൽ ഇക്കോണമിയിലാണ് ഇന്ന് റൺസ് വഴങ്ങിയത്. ഒടുവിൽ റോയൽ ചലഞ്ചേഴ്സിന്റെ 263 എന്ന ഉയർന്ന ഐ.പി.എൽ സ്കോറും സൺറൈസേഴ്സ് ഇന്ന് തിരുത്തിക്കുറിച്ചു. 

എയ്ഡൻ മർക്രം 28 പന്തിൽ നിന്ന് പുറത്താകാതെ 42 റൺസെടുത്തു. 11 റൺസെടുത്ത ഓപ്പണർ മായങ്ക് അഗർവാളിന് മാത്രമാണ് ഹൈദരാബാദ് ടീമിൽ ഇന്ന് തിളങ്ങാനാവാതെ പോയത്. 

തല്ലുകൊണ്ട് വലയുകയായിരുന്നു മുംബൈ ബൗളർമാർ. ക്വെയ്ൻ മഫാക്ക നാലോവറിൽ 66 റൺസ് വഴങ്ങി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നാലോവറിൽ 46 വഴങ്ങിയപ്പോൾ ജെറാൾഡ് കോട്സീ 57 വഴങ്ങി. രണ്ടോവറിൽ 34 വഴങ്ങിയ സ്പിന്നർ പീയുഷ് ചൗളയാണ് ഏറ്റവും കൂടിയ ഇക്കണോമിയിൽ റൺ വിട്ടുനൽകിയത്. ഷംസ് മുലാനി രണ്ടോവറിൽ 33ഉം വിട്ടുനൽകി. നാലോവറിൽ 36 വിട്ടുകൊടുത്ത ബുംറയാണ് ഏറ്റവും കുറവ് അടിവാങ്ങിയത്. പീയുഷ് ചൗള, കോട്സീ, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Tags:    
News Summary - Ipl SRH vs MI updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.