മുംബൈ: ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ ഈമാസം അവസാനത്തോടെ പ്രഖ്യാപിക്കും. ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ബി.സി.സി.ഐ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുതിർന്ന താരങ്ങൾക്ക് പരിഗണന നൽകിയായിരിക്കും ടീമിനെ പ്രഖ്യാപിക്കുകയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ടീം പ്രഖ്യാപനം കടുത്ത വെല്ലുവിളിയാണ്. ഒരുപക്ഷേ ഐ.പി.എല്ലിന് മുമ്പായിരുന്നു ടീം സെലക്ഷനെങ്കിൽ കാര്യങ്ങൾ ഏറെക്കുറെ അഗാർക്കറിനും സംഘത്തിനും എളുപ്പമാകുമായിരുന്നു. ഐ.പി.എല്ലിൽ യുവതാരങ്ങളിൽ പലരും മികച്ച ഫോം കണ്ടെത്തിയതും ഏതാനും സീനിയർ താരങ്ങൾ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്തതുമാണ് സെലക്ഷൻ കമ്മിറ്റിയെ വലക്കുന്നത്.
അതേസമയം, രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ട്വന്‍റി20 ടീമിനെ നയിച്ചിരുന്ന ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, പേസർ മുഹമ്മദ് സിറാജ് എന്നിവർക്കൊന്നും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. വിക്കറ്റ് കീപ്പർ പോസ്റ്റിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്. ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ എന്നിവരെല്ലാം പരിഗണന പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ട്. റിയാൻ പരാഗ്, ശിവം ദുബെ, ഋതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം തകർപ്പൻ ഫോമിലാണ്.
15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കേണ്ടത്. അഞ്ചു സ്റ്റാൻഡ് ബൈ താരങ്ങളെയും സ്ക്വാഡിൽ ഉൾപ്പെടുത്താനാകും. ഇതിനിടെയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ ട്വന്‍റി20 ലോകകപ്പിനുള്ള തന്‍റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പർതാരം വിരാട് കോഹ്ലി ടീമിലുണ്ട്. ഐ.പി.എൽ തുടങ്ങുന്നതുവരെ കോഹ്ലിയുടെ ട്വന്‍റി20 ലോകകപ്പ് ടീം പ്രവേശനം വലിയ ചോദ്യ ചിഹ്നമായിരുന്നു. താരം ടീമിലുണ്ടാകില്ലെന്ന് ഏറെക്കുറെ പല ക്രിക്കറ്റ് പണ്ഡിറ്റുകളും ഉറപ്പിച്ചതാണ്. എന്നാൽ, നടപ്പു ഐ.പി.എൽ സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനാണ് കോഹ്ലി.
മുംബൈക്കെതിരെ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളും ടീമിലുണ്ട്. ഓപ്പണറായി ശുഭ്മൻ ഗില്ലും പത്താന്‍റെ ടീമിലിടം നേടി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇതുവരെ ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന ഹാർദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിലെത്തി. റിങ്കു സിങ്ങാണ് മധ്യനിര ബാറ്റർമാർ. ഹാർദിക്കിനു പുറമെ, ഓൾ റൗണ്ടറായി ശിവം ദുബെയും ടീമിലെത്തി. രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. പേസർമാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരും ടീമിലെത്തി.
ഇർഫാൻ പത്താന്‍റെ ട്വന്‍റി20 ലോകകപ്പ് ടീം: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ശുഭ്മൻ ഗിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.