ഐ.പി.എൽ മിനി ലേലത്തിനു മുന്നോടിയായാണ് ഗുജറാത്ത് ടൈറ്റൻസ് നായകനും ഓൾ റൗണ്ടറുമായ ഹാർദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് പോയത്. ടീമുകൾ തമ്മിലുള്ള ട്രേഡിങ്ങിലൂടെയാണ് താരത്തെ കൈമാറിയത്. ഈമാസം 19ന് ദുബൈയിലാണ് ഇത്തവണ ഐ.പി.എൽ താരലേലം.
ടൈറ്റൻസ് എട്ടു താരങ്ങളെ ഇത്തവണ ഒഴിവാക്കുകയും ചെയ്തിരുന്നു. ശിവം മാവി, യാഷ് ദയാൽ, പ്രദീപ് സംഗ്വാൻ, അൽസാരി ജോസഫ്, ഒഡിയൻ സ്മിത്ത് ഉൾപ്പെടെയുള്ള താരങ്ങളെയാണ് ഒഴിവാക്കിയത്. അതേസമയം, ഹാർദിക്കിന്‍റെ അപ്രതീക്ഷിത കൂടുമാറ്റം ടീമിൽ വലിയ വിടവ് സൃഷ്ടിച്ചിരിക്കുകയാണ്. നിരവധി പേസർമാരെ ഒഴിവാക്കിയതോടെ ടീമിന്‍റെ ബൗളിങ്ങിനും മൂർച്ച കുറഞ്ഞു.
ഹാർദിക്കിന്‍റെ വിടവ് നികത്താൻ അഫ്ഗാൻ പേസർ അസ്മത്തുല്ല ഒമർസായിയെ ടീമിലെടുക്കണമെന്നാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ പറയുന്നത്. ഒരുപോലെ ബാറ്റിങ്ങും ബൗളിങ്ങും ചെയ്യുന്ന താരത്തിന് പകരമായി ലേലത്തിൽ ആരാണ് ഉള്ളതെന്ന ചോദ്യത്തിന് മറുപടിയായാണ് ഇർഫാൻ അസ്മത്തുല്ല ഒമർസായിയെ ചൂണ്ടിക്കാട്ടിയത്.
‘അസ്മത്തുല്ല ഗുജറാത്ത് ടൈറ്റൻസിലേക്ക് പോകുമെന്ന് കരുതുന്നു, കാരണം അദ്ദേഹം തീർത്തും യോഗ്യനാണ്. റാഷിദ് ഖാൻ അവിടെയുണ്ട്, സഹതാരത്തിൽനിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ ഇത് സഹായിക്കും. ഒരു ഓൾറൗണ്ടറെ കൂടാതെ, ടീമിന് ഒരു ശരിയായ ഫാസ്റ്റ് ബൗളറും ആവശ്യമാണ്. അവർക്ക് കൈയിൽ ആവശ്യത്തിനു പണവുമുണ്ട്’ -പത്താൻ അഭിപ്രായപ്പെട്ടു.
ഹാർദിക്കിന് പകരക്കാരനായി ഓപ്പണർ ശുഭ്മൻ ഗില്ലിനെയാണ് ടീമിന്‍റെ നായകനായി ഗുജറാത്ത് പ്രഖ്യാപിച്ചത്. മിനി ലേലം നടക്കാനിരിക്കെ, 38.15 കോടി രൂപ ടീമിന്‍റെ പഴ്സിലുണ്ട്. ഇതിലൂടെ പരമാവധി എട്ടു താരങ്ങളെ ടീമിന് ലേലത്തിൽ സ്വന്തമാക്കാനാകും. രണ്ടു വിദേശ താരങ്ങളുടെ ഒഴിവും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.