ഒച്ചിഴയുന്ന വേഗത്തില്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുന്ന ചേതേശ്വര്‍ പുജാരക്ക് അതിവേഗത്തില്‍ റണ്‍സടിക്കുന്ന സഹതാരങ്ങളോട് അസൂയയാണോ? അടുത്തിടെ ഇന്ത്യയുടെ മുന്‍ താത്കാലിക നായകന്‍ അജിങ്ക്യ രഹാനെ പഴയൊരു സംഭവം ഓര്‍ത്തെടുത്തപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഇങ്ങനെ സ്വയം ചോദിച്ചിട്ടുണ്ടാകും.
2020-21 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ സിഡ്‌നി ടെസ്റ്റിലുണ്ടായ സംഭവമാണ് രഹാനെ വെളിപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ റിഷഭ് പന്ത് 97 റണ്‍സില്‍ പുറത്തായിരുന്നു. ഈ പുറത്താകലിന് കാരണക്കാരന്‍ ചേതേശ്വര്‍ പൂജാരയാണെന്ന് ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തിയ റിഷഭ് പന്ത് നിരാശയോടെ പറഞ്ഞുവെന്നാണ് രഹാനെ വെളിപ്പെടുത്തിയത്.
ടെസ്റ്റിലും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുന്ന റിഷഭ് പന്ത് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചാണ് ചരിത്ര സെഞ്ചുറിക്കരികിലെത്തിയത്. സ്വതസിദ്ധ ശൈലിയില്‍ ബൗണ്ടറിയിലൂടെ പന്ത് സെഞ്ചുറി നേടിയേക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ പൂജാര വന്ന് യുവതാരത്തെ ചെറുതായൊന്ന് ഉപദേശിച്ചു. ഇനിയുള്ള ഓരോ പന്തും ഏറെ ജാഗ്രതയോടെ കളിക്കണം, ക്രീസില്‍ നിലയുറപ്പിക്കേണ്ട ഘട്ടമാണിത്. സിംഗിളും ഡബിള്‍സും മാത്രം മതി. ഇതായിരുന്നു പൂജാരയുടെ ഉപദേശം. ഇത് തന്‍റെ ശ്രദ്ധയത്രയും നഷ്ടമാക്കി. ആക്രമിച്ചു കളിച്ചിരുന്ന തനിക്ക് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. പൂജാര ഭായിയുടെ ഉപദേശം ഇല്ലായിരുന്നുവെങ്കില്‍ സെഞ്ചുറി നേടാമായിരുന്നു -റിഷഭിന്‍റെ വാക്കുകള്‍ രഹാനെ ഓര്‍ത്തെടുത്തു.
പന്ത്രണ്ട് ഫോറും മൂന്ന് സിക്‌സുമാണ് പന്ത് അന്ന് നേടിയത്. ഓസീസിന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച ഇന്നിംഗ്‌സായിരുന്നു അത്. 407 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കായി പൂജാര 77 റണ്‍സെടുത്തിരുന്നു. മത്സരം സമനിലയില്‍ കലാശിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പോരാട്ടങ്ങളില്‍ ഒന്നായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.