മുംബൈ: രഞ്ജി ട്രോഫി കളിക്കാതെ ഐ.പി.എല്ലിനായി പരിശീലനം നടത്തുന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ ബി.സി.സി.ഐ കടുത്ത നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. 2023-24 സീസണിലെ സെൻട്രൽ കോൺട്രാക്ടിൽനിന്ന് ഇരുവരെയും ഒഴിവാക്കാനാണ് ബി.സി.സി.ഐ നീക്കം.
രഞ്ജി കളിക്കണമെന്ന ബി.സി.സി.ഐ മുന്നറിയിപ്പ് ഇരുതാരങ്ങളും തള്ളിയിരുന്നു. ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്. ഇഷാൻ കിഷന്‍ ഝാർഖണ്ഡ് ടീമിന്റെ താരവും. ഹാർദിക് പാണ്ഡ്യക്കൊപ്പം ഐ.പി.എല്ലിന് തയാറെടുക്കുകയാണ് ഇഷാൻ. പുറംവേദന ചൂണ്ടിക്കാട്ടിയാണ് ശ്രേയസ് രഞ്ജിയിൽനിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ, താരത്തിന് പരിക്കിന്‍റെ ആശങ്കകളൊന്നും ഇല്ലെന്നും ഫിറ്റാണെന്നുമാണ് നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
2023-24 സീസണിലേക്ക് സെൻട്രൽ കോൺട്രാക്ടിൽ ഉൾപ്പെടുത്തേണ്ട താരങ്ങളുടെ പട്ടിക ചീഫ് സെലക്ടർ അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിൽ അന്തിമമാക്കിയിട്ടുണ്ട്. ബി.സി.സി.ഐ പട്ടിക ഉടൻ പ്രഖ്യാപിക്കും. ഈ പട്ടികയിൽനിന്ന് ഇഷാനെയും ശ്രേയസിനെയും ഒഴിവാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബി.സി.സി.ഐ മുന്നറിയിപ്പ് നൽകിയിട്ടും ഇരുവരും അഭ്യന്തര ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്നതാണ് കരാറിൽനിന്ന് ഒഴിവാക്കാനുള്ള പ്രധാന കാരണം.
നടുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശ്രേയസിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നു ടെസ്റ്റുകളിൽനിന്ന് ഒഴിവാക്കിയത്. ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് ഇഷാൻ ടീമിനു പുറത്തുപോയത്. കടുത്ത മാനസിക സമ്മർദത്തിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്‍റെ മടക്കം. ഇന്ത്യയിലെത്തിയ താരം രഞ്ജി ട്രോഫി കളിക്കാൻ തയാറായില്ല. ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താൻ രഞ്ജി കളിച്ച് ഫോം തെളിയിക്കണമെന്നാണ് ബി.സി.സി.ഐ നിർദേശം.
ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും മുന്നറിയിപ്പ് നൽകിയിരുന്നു. ഐ.പി.എൽ പടിവാതിൽക്കൽ എത്തിനിൽക്കെയാണ് ഇരുവരും ആഭ്യന്തര ടൂർണമെന്‍റിൽനിന്ന് വിട്ടുനിൽക്കുന്നത്. പരിക്കു കാരണം കഴിഞ്ഞ ഐ.പി.എൽ സീസൺ ശ്രേയസ്സിന് പൂർണമായി നഷ്ടപ്പെട്ടിരുന്നു. ഐ.പി.എൽ അവസാനിക്കുന്നതിനു പിന്നാലെ ട്വന്‍റി20 ലോകകപ്പ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.