ബംഗളൂരു: ഐ.പി.എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസിനും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും ഒരുപോലെ നിർണായകമാണ് മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തോൽക്കുന്നവർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കും.
മത്സരത്തിനിടെ ഡൽഹി പേസർ ഇശാന്ത് ശർമയും ബംഗളൂരുവിന്‍റെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയും തമ്മിലുള്ള സൗഹൃദ വാക്കേറ്റത്തിനും മത്സരം സാക്ഷിയായി. ഇശാന്ത് എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിലാണ് സംഭവം. ഈ സമയം കോഹ്ലിയായിരുന്നു ബാറ്റിങ്ങിൽ. വെറ്ററൻ താരം എറിഞ്ഞ ആദ്യ രണ്ടു പന്തുകളിൽ കോഹ്ലി ഫോറും സിക്സും നേടി. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നുണ്ട്. ഒടുവിൽ ചിരിച്ചത് ഇശാന്തായിരുന്നു.
നാലാമത്തെ പന്തിൽ കോഹ്ലി പുറത്ത്. വൈഡിലേക്ക് പോയ പന്ത് കോഹ്ലിയുട ബാറ്റിന്‍റെ എഡ്ജിൽ തട്ടി വിക്കറ്റ് കീപ്പറുടെ കൈയിൽ. ഉയർന്നു ചാടിയാണ് ഇശാന്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന കോഹ്ലിയുടെ മുന്നിൽ ചെന്ന് താരത്തിന്‍റെ വഴിമുടക്കി. ഈസമയം ഇരുതാരങ്ങളും ചിരിക്കുന്നുണ്ടെങ്കിലും കോഹ്ലി ഒന്നും പ്രതികരിക്കാതെ ഡ്രസ്സിങ് റൂമിലേക്ക് നടന്നുപോയി. 13 പന്തുകൾ നേരിട്ട കോഹ്ലി മൂന്നു സിക്സും ഒരു ഫോറുമടക്കം 27 റൺസെടുത്താണ് പുറത്തായത്.
ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം കൂടി വ്യക്തമാക്കുന്നതാണ് ഗ്രൗണ്ടിൽ അരങ്ങേറിയ രംഗങ്ങൾ. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും ഡൽഹിയിൽ ഒരുമിച്ചാണ് ക്രിക്കറ്റ് കളിച്ചു വളർന്നത്. ഇന്ത്യൻ ടീമിൽ കോഹ്ലിയുടെ സീനിയറാണ് ഇശാന്ത്. കോഹ്ലിയേക്കാൾ ഒരു വർഷം മുമ്പാണ് ഇശാന്ത് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത് (2007). നേരത്തെ, ടോസ് നേടിയ ഡൽഹി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ബംഗളൂരു 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. രജത് പട്ടീദാറിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.