ടീം ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ് മുതിർന്ന താരമായ ഇശാന്ത് ശർമ. ഇതിഹാസ താരം കപിൽ ദേവാണ് ഒന്നാം സ്ഥാനത്ത്. ഫാസ്റ്റ് ബൗളിങ്ങിൽ ഇന്ത്യയുടെ ഭാവി താരങ്ങളാകാൻ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് ഇശാന്ത് ശർമ.
മൂവരെയും ശരിയായ രീതിയിൽ പരിശീലിപ്പിക്കുകയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിൽ ദീർഘകാലം തിളങ്ങാനും വലിയ താരങ്ങളായി പേരെടുക്കാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2021ൽ ന്യൂസിലൻഡിനെതിരെയാണ് 34കാരനായ ഇശാന്ത് ശർമ അവസാനമായി ടെസ്റ്റ് കളിച്ചത്. തന്‍റെ കരിയറിലെ 105ാമത്തെ ടെസ്റ്റ് മത്സരമായിരുന്നു അത്. ഇടവേളക്കുശേഷം കഴിഞ്ഞ ഐ.പി.എല്ലിലൂടെ കളത്തിലേക്ക് തിരിച്ചെത്തിയ താരം ഡൽഹി ക്യാപിറ്റൽസിനുവേണ്ടി ഗംഭീരപ്രകടനമാണ് പുറത്തെടുത്തത്.
അതിവേഗ ബൗളർ ഉംറാൻ മാലിക്, ഇടങ്കൈയൻ പേസർ അർഷ്ദീപ് സിങ് എന്നിവർക്കു പുറമെ, ഡൽഹി ക്യാപിറ്റൽസിന്‍റെ സ്റ്റാർ പേസർ മുകേഷ് കുമാറിനെയുമാണ് ഇന്ത്യയുടെ ഭാവി ബൗളർമാരായി ഇശാന്ത് എടുത്തുകാട്ടുന്നത്. ഉംറാനും അർഷ്ദിപും ഇന്ത്യക്കായി ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ, മുകേഷ് ഇന്ത്യൻ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്.
‘നിങ്ങൾ അദ്ദേഹത്തോടൊപ്പം ശരിയായി വർക്ക് ചെയ്താൽ, ഉംറാൻ മാലിക്കിന് ദീർഘകാലത്തേക്ക് രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്താനാകും. അർഷ്ദീപ് സിങ്ങാണ് മറ്റൊരു താരം. മുകേഷ് കുമാറിന്റെ കഥ പലർക്കും അറിയില്ല. പക്ഷേ, അദ്ദേഹത്തെപ്പോലെ ലളിതമായ ഒരാളെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ അവനോട് ഒരു പ്രത്യേക ഡെലിവറി എറിയാൻ പറഞ്ഞാൽ, അവൻ കൃത്യമായി എറിയും! സമ്മർദ സാഹചര്യങ്ങളിൽ, ഏത് തരത്തിൽ ബൗൾ ചെയ്യണമെന്ന് അവന് നന്നായറിയാം’ -ഇശാന്ത് യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.
കളിക്കളത്തിൽ അദ്ദേഹത്തിന് ശരിയായ മാർഗനിർദേശം ആവശ്യമാണ്. റിസ്ക് കൂടിയ അവസരങ്ങളിൽ പന്തെറിഞ്ഞതിനാലാണ് ഐ.പി.എല്ലിൽ കൂടുതൽ റൺസ് വഴങ്ങിയത്. പന്തെറിയുമ്പോൾ അവന്‍റെ എതിരാളികൾ ആരായിരുന്നെന്നോ, ഏത് ബാറ്റ്സ്മാനിലേക്കാണ് പന്തെറിഞ്ഞതെന്നോ ആരും കാണുന്നില്ല. നാലോവറിൽ 50 റൺസ് വഴങ്ങിയത് മാത്രമാണ് എല്ലാവരും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനാണ് താരത്തിന് ഐ.പി.എല്ലിലേക്കുള്ള വഴി തുറന്നത്. 10 മത്സരങ്ങളിൽനിന്നായി ഏഴു വിക്കറ്റാണ് താരം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.