‘ചാഹലിന് ഇതിഹാസമെന്ന വിശേഷണം നൽകേണ്ട സമയം’; താരത്തെ പ്രശംസിച്ച് സഞ്ജു സാംസൺ

ഐ.പി.എൽ 2023 സീസണിലെ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിൽ രണ്ടു ചരിത്ര റെക്കോഡുകളാണ് പിറന്നത്. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളാറായി രാജസ്ഥാൻ റോയൽസിന്റെ യുസ്‌വേന്ദ്ര ചാഹൽ.

മത്സരത്തിൽ നിതീഷ് റാണയെ പുറത്താക്കിയാണ് നേട്ടം സ്വന്തമാക്കിയത്. മുൻ ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് താരം ഡ്വയ്ൻ ബ്രാവോയുടെ പേരിലുള്ള (183 വിക്കറ്റ്) റെക്കോഡാണ് താരം മറികടന്നത്. മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ചാഹൽ ആകെ ഇരകളുടെ എണ്ണം 187 ആക്കി. 174 വിക്കറ്റുമായി പീയുഷ് ചൗള മൂന്നാം സ്ഥാനത്തുണ്ട്. ഐ.പി.എല്ലിലെ അതിവേഗ അർധ സെഞ്ച്വറി രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്സ്വാളും സ്വന്തമാക്കി.

13 പന്തിലായിരുന്നു താരത്തിന്‍റെ ഫിഫ്റ്റി. ചാഹലിന്‍റെ ബൗളിങ് മികവാണ് കൊൽക്കത്തയെ 149 റൺസിലൊതുക്കിയത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ അനായാസം ലക്ഷ്യത്തിലെത്തി. മത്സരശേഷം ചാഹലിനെ നായകനും മലയാളി താരവുമായ സഞ്ജു സാംസൺ വാനോളം പുകഴ്ത്തി. ചാഹലിന് ഇതിഹാസമെന്ന വിശേഷണം നൽകേണ്ട സമയമാണിതെന്ന് സഞ്ജു പ്രതികരിച്ചു. ജയത്തോടെ രാജസ്ഥാൻ പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

‘ചാഹലിന് ഇതിഹാസമെന്ന വിശേഷണം നൽകേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. വർഷങ്ങളായി അത്തരത്തിലാണ് താരം പന്തെറിയുന്നത്. അദ്ദേഹത്തെ ടീമിൽ കിട്ടിയത് ഭാഗ്യമാണ്, വളരെ നന്ദിയുണ്ട്. നിങ്ങൾ ഒരിക്കലും അവന് കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ടതില്ല. പന്ത് നൽകിയാൽ മാത്രം മതി, എന്താണ് ചെയ്യേണ്ടതെന്ന് അവന് കൃത്യമായറിയാം. അവൻ വളരെ ധീരനായ ഒരു ബൗളറാണ്, സമ്മർദത്തിൽ ബൗളിങ് ഏറെ ഇഷ്ടപ്പെടുന്നു. ഡെത്ത് ഓവറുകളിലും അവൻ നന്നായി പന്തെറിയുന്നു. ചാഹലിന്‍റെ കാര്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ്’ -മത്സരശേഷം സഞ്ജു പറഞ്ഞു.

Tags:    
News Summary - It is time to give Yuzvendra Chahal the tag of legend: Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.