കപിലും ഗവാസ്കറും ഇല്ല; ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ദിനേശ് കാർത്തിക്

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാര്‍ത്തിക്. അഞ്ച് ബാറ്റര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരും രണ്ട് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് കാര്‍ത്തികിന്റെ ടീം. ഇതിഹാസ താരങ്ങളായ കപിൽ ദേവിനും സുനിൽ ഗവാസ്കറിനുമൊന്നും ഇടം ലഭിക്കാത്ത ടീമിൽ ഓപണര്‍മാരായി വിരേന്ദര്‍ സെവാഗിനെയും രോഹിത് ശര്‍മയെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദിനത്തില്‍ 100ന് മുകളിലും ടെസ്റ്റിൽ 82.23ഉം സ്ട്രൈക്ക് റേറ്റുണ്ടായിരുന്ന താരമാണ് സെവാഗ്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ രണ്ടാമത്തെ ടോപ് സ്കോററാണ് രോഹിത്. 156.70 സ്​ട്രൈക്ക് റേറ്റിൽ 257 റൺസാണ് താരം അടിച്ചുകൂട്ടിയത്. മൂന്നാം നമ്പറില്‍ കാര്‍ത്തിക് തെരഞ്ഞെടുത്തത് മുന്‍ ഇന്ത്യൻ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെയാണ്. ടെസ്റ്റിലും ഏകദിനത്തിലുമായി 24000ത്തിലധികം റൺസ് നേടിയ താരമാണ് ദ്രാവിഡ്.

നാലാം നമ്പറില്‍ ഇതിഹാസ താരം സചിന്‍ തെണ്ടുല്‍ക്കറാണ് കാര്‍ത്തിക്കിന്‍റെ ടീമിലിടം നേടിയത്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമായി 100 സെഞ്ച്വറികൾ അടിച്ച ഏക താരമാണ് സചിൻ. സഹതാരമായിരുന്ന വിരാട് കോഹ്‍ലിക്ക് കാര്‍ത്തിക് അഞ്ചാം നമ്പറിലാണ് സ്ഥാനം നല്‍കിയത്. ഓള്‍റൗണ്ടര്‍മാരായി യുവരാജ് സിങ്ങും രവീന്ദ്ര ജദേജയുമാണുള്ളത്. ജസ്പ്രീത് ബുംറയും സഹീര്‍ ഖാനുമാണ് പേസർമാരായി ഇടം പിടിച്ചത്. സ്പിന്നര്‍മാരായി അനില്‍ കുംബ്ലെയും രവിചന്ദ്രൻ അശ്വിനുമാണ് കാർത്തികിന്റെ ടീമിലുള്ളത്. പന്ത്രണ്ടാമനായി ഹര്‍ഭജന്‍ സിങ്ങും ഇടം നേടി.

ദിനേഷ് കാർത്തിക് തെരഞ്ഞെടുത്ത ഇന്ത്യൻ ടീം: വീരേന്ദർ സെവാഗ്, രോഹിത് ശർമ, രാഹുൽ ദ്രാവിഡ്, സചിൻ തെണ്ടുൽക്കർ, വിരാട് കോഹ്‍ലി, യുവരാജ് സിങ്, രവീന്ദ്ര ജദേജ, ആര്‍. അശ്വിൻ, അനിൽ കുംബ്ലെ, ജസ്പ്രീത് ബുംറ, സഹീർ ഖാൻ. 12ാമൻ- ഹർഭജൻ സിങ്.

Tags:    
News Summary - No Kapil and Gavaskar; Dinesh Karthik picks the best XI of all time in Indian cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.