ലണ്ടൻ: കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ഇംഗ്ലീഷ് ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സണ് അപൂർവ ലോക റെക്കോഡ്. ലോഡ്സിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് 41കാരനെ തേടി പുതിയ നേട്ടമെത്തുന്നത്.
147 വർഷത്തെ ചരിത്രമുള്ള ടെസ്റ്റിൽ 40,000 ബാളുകൾ എറിയുന്ന ആദ്യ പേസ് ബൗളറായിരിക്കുകയാണ് ആൻഡേഴ്സൺ. ടെസ്റ്റിൽ 40,000ത്തിൽ കൂടുതൽ പന്തുകളെറിയുന്ന നാലാമത്തെ മാത്രം ബൗളറാണ് ആൻഡേഴ്സൺ. ഇതിഹാസ സ്പിന്നർമാരായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (44,039), ഇന്ത്യയുടെ അനിൽ കുംെബ്ല (40,850), ആസ്ട്രേലിയയുടെ ഷെയ്ൻ വോൺ (40,705) എന്നിവരാണ് ആൻഡേഴ്സന് മുമ്പ് 40,000ത്തിലധികം ബാളുകൾ എറിഞ്ഞവർ. മൂന്ന് പേസർമാരാണ് ഇതുവരെ 30,000ത്തിൽ കൂടുതൽ പന്തുകളെറിഞ്ഞിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ് (33,698), വെസ്റ്റിൻഡിൻസീന്റെ കോർട്നി വാൽഷ് (30,019) എന്നിവർ മാത്രമാണ് ആൻഡേഴ്സണൊപ്പമുള്ളത്. ആസ്ട്രേലിയയുടെ െഗ്ലൻ മക്ഗ്രാത്ത് (29,248), ഇന്ത്യയുടെ കപിൽദേവ് (27,740) എന്നിവരാണ് തൊട്ടുപിറകിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലുമായി 50,000 പന്തെറിയുന്ന ആദ്യ പേസർ കൂടിയാണ് ജെയിംസ് ആൻഡേഴ്സൺ. 188 ടെസ്റ്റുകൾ കളിച്ച ഇംഗ്ലീഷുകാരൻ ഇതുവരെ 703 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. പേസർമാരിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയതും ആൻഡേഴ്സൺ തന്നെയാണ്. സ്പിന്നർമാരായ മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ താരത്തിന് മുമ്പിലുള്ളത്.
വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് ജയത്തിലേക്ക് നീങ്ങുകയാണ് ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് ആദ്യ ഇന്നിങ്സിൽ 121 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ഒലീ പോപ് (57), ജോ റൂട്ട് (68), ഹാരി ബ്രൂക് (50), ജാമി സ്മിത്ത് (70) എന്നിവരുടെ അർധസെഞ്ച്വറികളുടെ മികവിൽ 371 റൺസ് അടിച്ചുകൂട്ടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന ദയനീയ നിലയിലാണ്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ വെസ്റ്റിൻഡീസിന് നാല് വിക്കറ്റ് ശേഷിക്കെ 171 റൺസ് കൂടി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.