ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബൂംറയെ സെലക്ടർമാർ ഉൾപെടുത്തിയത് ഫോം പരിഗണിച്ചല്ലെന്നും മറിച്ച് പ്രശസ്തി മാത്രം നോക്കിയാണെന്നും ദേശീയ സെലക്ടറും മുൻ വിക്കറ്റ് കീപ്പറുമായ സാബാ കരീം.
സതാംപ്റ്റണിലെ ഏജീസ് ബൗളിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ എട്ടുവിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ബൂംറക്ക് രണ്ട് ഇന്നിങ്സുകളിലും വിക്കറ്റൊന്നും നേടാനായിരുന്നില്ല.
'സെലക്ടർമാർ നിലവിലെ ഫോമിൽ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നും ഒരു പരിധിവരെ പ്രശസ്തി നോക്കിയിട്ടുണ്ടെന്നും എനിക്ക് തോന്നുന്നു. ആസ്ട്രേലിയയിൽ വെച്ച് പരിക്കേറ്റ ശേഷം ബുംറ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല' -കരീം ഇന്ത്യ ന്യൂസിനോട് പറഞ്ഞു.
'അദ്ദേഹം പരിമിത ഓവർ ക്രിക്കറ്റ് മാത്രമാണ് കളിച്ചത്. പ്രത്യേകിച്ച് ട്വൻറി20. സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലും ബൂംറ കളിച്ചിട്ടില്ല. ടെസ്റ്റ് മത്സരം നോക്കുകയാണെങ്കിൽ ബൂംറ ഒട്ടും ഫോമിലല്ല. പോരാത്തതിന് പരിശീലനവും നന്നേ കുറവ്'-കരീം പറഞ്ഞു.
എന്നാൽ ബൂംറയെ കുറിച്ച് കരീം നിരത്തിയ വാദങ്ങൾ തെറ്റാണ്. ഓസീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബൂംറ ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. പോരാത്തതിന് നാല് വിക്കറ്റും നേടി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിെൻറ രണ്ടാം ഇന്നിങ്സിനിടെ അദ്ദേഹം താളം കണ്ടെത്തിയെങ്കിലും സഹതാരം ഒരു ക്യാച് നിലത്തിട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ആഗസ്റ്റ് നാലിനാണ് പരമ്പര തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.