ബംഗളൂരു: ഇന്ത്യയുടെ പുതുനായകൻ രോഹിത് ശർമക്കും നൂറു ശതമാനം വിജയത്തിനുമിടയിൽ ഒമ്പതു വിക്കറ്റിന്റെ ദൂരം. ശ്രീലങ്കക്കുമുന്നിൽ ജയിക്കാൻ 447 റൺസിന്റെ കൂറ്റൻ ലക്ഷ്യമുയർത്തിയ ഇന്ത്യ രണ്ടാം ടെസ്റ്റിൽ വ്യക്തമായ മുൻതൂക്കം കരസ്ഥമാക്കി. ഒന്നിന് 28 എന്ന നിലയിൽ രണ്ടാം കളി അവസാനിപ്പിച്ച ലങ്കക്ക് മൂന്നു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ തോൽവി ഒഴിവാക്കാൻ 418 റൺസ് കൂടി വേണം.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 252നെതിരെ ആറിന് 86 എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ലങ്കയെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസർ ജസ്പ്രീത് ബുംറയുടെ കരുത്തിൽ ഇന്ത്യ 109 റൺസിന് പുറത്താക്കുകയായിരുന്നു. 10 ഓവറിൽ 24 റൺസിന് പിഴുത അഞ്ചു വിക്കറ്റ് ബുംറയുടെ ഇന്ത്യൻ മണ്ണിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു. മുഹമ്മദ് ഷമിയും രവിചന്ദ്രൻ അശ്വിനും രണ്ടു വിക്കറ്റ് വീതവും അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി. 43 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസ് ആയിരുന്നു ലങ്കയുടെ ടോപ്സ്കോറർ. രണ്ടാം വട്ടം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒമ്പതിന് 303 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു.
അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും (67) ഋഷഭ് പന്തും (50) നായകൻ രോഹിത് ശർമയും (46) ഹനുമ വിഹാരിയും (35) ആണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വിരാട് കോഹ്ലി (13) ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
അതിവേഗ അർധ സെഞ്ച്വറി; പന്തിന് റെക്കോഡ്
ബംഗളൂരു: ടെസ്റ്റിലെ ഇന്ത്യക്കാരന്റെ അതിവേഗ അർധ സെഞ്ച്വറി ഇനി ഋഷഭ് പന്തിന്റെ പേരിൽ. 28 പന്തിൽ 50 തികച്ച പന്ത് 40 വർഷം മുമ്പ് കപിൽ ദേവ് കുറിച്ച 30 പന്തിലെ റെക്കോഡാണ് മറികടന്നത്.1982ൽ പാകിസ്താനെതിരെയായിരുന്നു കപിലിന്റെ റെക്കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.