കൊച്ചി: കേരളത്തിന്റെ സ്നേഹത്തെയും പ്രകൃതി മനോഹാരിതയെയും ആവോളം വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. കൊച്ചിയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കേരളത്തോടുള്ള ഇഷ്ടം തുറന്നുപറഞ്ഞത്. മന്ത്രി പി. രാജീവ് അടക്കം ചടങ്ങിന് സാക്ഷികളാകാനെത്തിയവർ നിറഞ്ഞ കൈയടികളോടെയാണ് ഇതിനെ സ്വീകരിച്ചത്.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ വീണ്ടും എത്താനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് കപിൽ ദേവ് പറഞ്ഞു. കേരളം വളരെ മനോഹരമാണ്. അതിരില്ലാത്ത സ്നേഹമാണ് തനിക്ക് ഇവിടെനിന്ന് ലഭിക്കുന്നത്. തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ ചെലവഴിക്കാൻ ഇനിയും കേരളത്തിലെത്തും. ലോകത്തിന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹവും ചാലകശക്തിയുമാണ് സാങ്കേതികവിദ്യ.
മനസ്സാകുന്ന സാങ്കേതികവിദ്യയെ കീഴ്പ്പെടുത്തുന്നതുവഴി വലിയ സ്വപ്നങ്ങൾ കൈപ്പിടിയിലൊതുക്കാനാകും. നൂതന ആശയങ്ങളും ചിന്തകളുമുള്ളവരാണ് പുതിയ ലോകത്തിന് ആവശ്യം. അവരാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. ലോകത്തോടൊപ്പം നീങ്ങുന്ന കേരളത്തെ അഭിനന്ദിച്ച കപിൽ സ്വാതന്ത്ര്യദിന ആശംസകളും നേർന്നാണ് സംസാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.