ബംഗളൂരു: കർണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കൽ അപരാജിത സെഞ്ച്വറിയിലേക്ക് ബാറ്റുവീശിയപ്പോൾ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തോൽവി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പതുവിക്കറ്റിനാണ് കർണാടക കേരളത്തെ തകർത്തത്.
ആദ്യം ബാറ്റുചെയ്ത കേരളം നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റിന് 277 റൺസെടുത്തപ്പോൾ കർണാടക 45.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം നേടി. 138പന്ത് നേരിട്ട ദേവ്ദത്ത് പുറത്താകാതെ 126 റൺസെടുത്തപ്പോൾ 84 പന്തിൽ 86 റൺസുമായി സിദ്ധാർഥും അഭേദ്യനായി നിന്നു. ആർ. സാമന്തിന്‍റെ (51 പന്തിൽ 62) വിക്കറ്റ് മാത്രമാണ് കർണാടകക്ക് നഷ്ടമായത്. ദേവ്ദത്ത് 13 ഫോറും രണ്ടു സിക്സുമടിച്ചപ്പോൾ സിദ്ധാർഥ് അഞ്ചു ഫോറും മൂന്നു സിക്സുമുതിർത്തു. പത്തോവറിൽ 34 റൺസ് വഴങ്ങി ജലജ് സക്സേന ഒരു വിക്കറ്റെടുത്തു.
നേരത്തേ, വത്സൽ ഗോവിന്ദ് (124പന്തിൽ 95), ക്യാപ്റ്റൻ സചിൻ ബേബി (63 പന്തിൽ 54), മുഹമ്മദ് അസ്ഹറുദ്ദീൻ (38 പന്തിൽ 59 നോട്ടൗട്ട്) എന്നിവരുടെ അർധശതകങ്ങളാണ് കേരളത്തിന് പൊരുതാവുന്ന ടോട്ടൽ സമ്മാനിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ റോബിൻ ഉത്തപ്പ നേരിട്ട ആദ്യപന്തിൽ പൂജ്യത്തിന് പുറത്തായപ്പോൾ, സഞ്ജു സാംസൺ മൂന്ന് റൺസെടുത്ത് തിരിച്ചുകയറി.
അഞ്ചു വിക്കറ്റെടുത്ത എ. മിഥുനാണ് കേരളത്തെ തകർത്തത്. ജലജ് (അഞ്ച്), എം.ഡി. നിധീഷ് (പൂജ്യം), എസ്. മിഥുൻ (13) എന്നിവർ എളുപ്പം പുറത്തായി. ബേസിൽ രണ്ടു റൺസുമായി പുറത്താകാെത നിന്നു. അസ്ഹറുദ്ദീൻ രണ്ടു ഫോറും മൂന്നു സിക്സുമുതിർത്തു. സചിൻ ബേബി രണ്ടു ഫോറും ഒരു സിക്സുമടിച്ചപ്പോൾ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് വത്സലിന്‍റെ ഇന്നിങ്സ്. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച കേരളത്തിന്‍റെ പ്രതീക്ഷകൾക്ക് ഈ തോൽവി തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.