വിമാനത്തിൽ കയറിയ മായങ്ക് അഗർവാളിന് ദേഹാസ്വാസ്ഥ്യം; താരം തീവ്രപരിചരണ വിഭാഗത്തിൽ

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരവും രഞ്ജിയിൽ കർണാടകയുടെ നായകനുമായ മായങ്ക് അഗർവാളിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച അഗർത്തലയിൽനിന്ന് ഡൽഹിയിലേക്ക് പോകാനായി സഹതാരങ്ങൾക്കൊപ്പം വിമാനത്തിൽ കയറിയിരുന്ന അഗർവാളിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കടുത്ത തൊണ്ടവേദനയും ഛർദിയും അനുഭവപ്പെട്ട താരത്തെ ഉടൻ വിമാനത്തിൽനിന്ന് പുറത്തിറക്കി അഗർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരം അപകടനില തരണം ചെയ്തിട്ടുണ്ട്. താരത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി ഷാവിൽ താരാപോർ അറിയിച്ചു.

സൗരാഷ്ട്രക്കെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കില്ല. ടീമിലെ ബാക്കിയുള്ളവർ രാജ്കോട്ടിലേക്ക് പോകും. 33കാരനായ അഗർവാൾ ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങളും അഞ്ചു ഏദിനങ്ങളും കളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ത്രിപുരക്കെതിരെ കർണാടക 21 റൺസിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മായങ്ക് അഗർവാളിനെ ഉടൻ അഗർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരണം വ്യക്തമല്ല -കർണാടക ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

ത്രിപുരക്കെതിരായ രഞ്ജി മത്സരത്തിൽ രണ്ടു ഇന്നിങ്സുകളിൽ യഥാക്രമം 51, 17 റൺസാണ് താരം നേടിയത്. ഒരു ബോട്ടിലിൽനിന്ന് വെള്ളം കുടിച്ചതിനു പിന്നാലെയാണ് താരം അവശനായതെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ താരം നിരീക്ഷണത്തിലാണെന്നും വിവിധ ടെസ്റ്റുകൾക്ക് വിധേയനാക്കിയിട്ടിട്ടുണ്ടെന്നും ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ അറിയിച്ചു.

Tags:    
News Summary - Karnataka Captain Mayank Agarwal Admitted To ICU In Agartala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.