തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബ് വേദിയാവുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയായി. ഇരുടീമുകളും വെള്ളിയാഴ്ച വൈകീട്ട് നാലോടെ കൊല്‍ക്കത്തയില്‍നിന്ന് എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും.
ഇന്ത്യന്‍ ടീം ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം താജ് വിവാന്തയിലുമാണ് താമസിക്കുക. ശനിയാഴ്ച ടീമുകൾ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഉച്ചക്ക് ഒന്ന് മുതല്‍ നാലുവരെ ശ്രീലങ്കക്കും വൈകീട്ട് അഞ്ചുമുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമിനുമാണ് പരിശീലനം. ഞായറാഴ്ചത്തേത് പകൽ-രാത്രി മത്സരമാണ്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ഏകദിനമാണിത്. 2018 നവംബര്‍ ഒന്നിന് സ്റ്റേഡിയത്തിലെ ആദ്യ ഏകദിനത്തിൽ വെസ്റ്റിന്‍ഡീസിനെതിരായി ഇന്ത്യ ജയിച്ചു. ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ളവരുടെ പേരും ഐ.ഡി നമ്പറും ഉള്‍പ്പെടുത്തി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.
തിരുവനന്തപുരം: വിവാദങ്ങൾ ലോകകപ്പ് ആതിഥേയത്വം ഉൾപ്പെടെ ഭാവി മത്സരങ്ങളെ ബാധിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഭാരവാഹികൾ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം സ്പോർട്സ്ഹബ്ബ് കൂടി വേദിയാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
അതിന് പുറമെ വനിത ഐ.പി.എൽ മത്സരങ്ങളുടെ വേദിയാക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ചെന്നാണ് കരുതുന്നത്. മാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച വാർത്തകൾ പുറത്തു വരുമ്പോൾ ബി.സി.സി.ഐ വിശദീകരണം ചോദിക്കുന്നത് സ്വാഭാവികമാണ്.
എന്നാൽ തിരുവനന്തപുരത്ത് അന്താരാഷ്ട്ര മത്സരങ്ങൾ വരുമ്പോൾ ഇത്തരത്തിൽ വിവാദം ഉയരുന്നത് ഗുണം ചെയ്യില്ലെന്ന് കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ്.കുമാറും പറഞ്ഞു. ടിക്കറ്റിന്റെ നികുതി കാര്യത്തിൽ കെ.സി.എക്ക് ഒന്നും ചെയ്യാനില്ല. ചർച്ച ചെയ്ത് തീരുമാനിച്ച നിരക്കാണ് വാങ്ങുന്നത്. കഴിഞ്ഞ മത്സരത്തേക്കാൾ കുറഞ്ഞ നിരക്കാണ് ഈ മത്സരത്തിൽ വാങ്ങുന്നതും. നികുതി കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.