മുംബൈ: വാംഖഡെയുടെ മണ്ണിൽ വീണ്ടും വമ്പൻമാരുടെ ചിറകരിഞ്ഞ് കേരളം വിസ്മയക്കുതിപ്പു തുടരുന്നു. കഴിഞ്ഞ ദിവസം മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ ചിറകിലേറി മുംബൈയെ തകർത്തുതരിപ്പണമാക്കിയ കേരള ക്രിക്കറ്റ് ടീം സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ടൂർണമെന്‍റിൽ വെള്ളിയാഴ്ച നടന്ന എലീറ്റ് ഗ്രൂപ് മത്സരത്തിൽ പ്രബലരായ ഡൽഹിയെയും മലർത്തിയടിച്ചു. ആദ്യം ബാറ്റുചെയ്ത് നാലു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി അടിച്ചെടുത്ത 212 റൺസിന്‍റെ കൂറ്റൻ സ്കോർ പിന്തുടർന്നാണ് കേരളം ആറുവിക്കറ്റിന്‍റെ മിന്നുന്ന വിജയം കുറിച്ചത്.
ശിഖർ ധവാനും ഇശാന്ത് ശർമയുമടക്കമുള്ള പ്രഗല്ഭർ അണിനിരന്ന ഡൽഹിയെ തകർത്ത കേരളം തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മിന്നുന്ന വിജയങ്ങളിലൊന്ന് സ്വന്തമാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിൽ ഏറ്റവും വലിയ റൺ ചേസിങ്ങായി കേരളത്തിന്‍റെ ഐതിഹാസിക ജയം മാറി. 2015-16ൽ റെയിൽവേക്കെതിരെ ഡൽഹി 211 റൺസ് മറികടന്നതായിരുന്നു ഇതിനു മുമ്പത്തെ വൻവിജയം. ഒരോവർ ബാക്കിയിരിക്കേയാണ് കൂറ്റൻ വിജയലക്ഷ്യം കേരളം എത്തിപ്പിടിച്ചത്. ടൂർണമെന്‍റിൽ കേരളം 200 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നതും ഇതാദ്യമാണ്.
റോബിൻ ഉത്തപ്പയും (54 പന്തിൽ മൂന്നു ഫോറും എട്ടു സിക്സുമടക്കം 91) വിഷ്ണു വിനോദും (38 പന്തിൽ മൂന്നു ഫോറും അഞ്ചു സിക്സുമടക്കം പുറത്താകാതെ 71) നേടിയ തകർപ്പൻ അർധെസഞ്ച്വറികളുടെ പിൻബലത്തിലാണ് ഡൽഹിയുടെ പകിട്ടിനുമേൽ കേരളം റണ്ണൊഴുക്കിയത്. കഴിഞ്ഞ കളിയിലെ ഹീറോ അസ്ഹറുദ്ദീൻ നേരിട്ട ആദ്യ പന്തിൽ ഇശാന്ത് ശർമക്ക് വിക്കറ്റ് സമ്മാനിച്ച് പൂജ്യത്തിന് പുറത്തായതിനുപിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസൺ 10 പന്തിൽ 16 റൺസെടുത്ത് പവലിയനിൽ തിരിച്ചെത്തിയിരുന്നു. രണ്ടു വിക്കറ്റിന് 30 റൺസെന്ന പ്രതിസന്ധിഘട്ടത്തിൽ ഉത്തപ്പയും സചിൻ ബേബിയും (11 പന്തിൽ 22) ഇന്നിങ്സ് മുന്നോട്ടു നയിച്ചു. സ്കോർ 71ൽ നിൽക്കെ സചിനും പുറത്തായെങ്കിലും സെഞ്ച്വറി കൂട്ടുകെട്ടുമായി ഉത്തപ്പ-വിഷ്ണു സഖ്യം കേരളെത്ത അഭിമാന ജയത്തിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു.
നാലാം വിക്കറ്റിൽ 62 പന്തിൽ 133 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. ടൂർണമെന്‍റിൽ ഏതുവിക്കറ്റിലും കേരളത്തിന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. കഴിഞ്ഞ ദിവസം മുംബൈക്കെതിരെ അസ്ഹറുദ്ദീനും ഉത്തപ്പയും ചേർന്നെടുത്ത 129 റൺസ് കൂട്ടുകെട്ടാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ജയത്തിന് ഒമ്പതു റൺസകലെ സിമർജീത് സിങ്ങിന്‍റെ ബൗളിങ്ങിൽ വിക്കറ്റിനു പിന്നിൽ അനൂജ് റാവത്ത് പിടിച്ചാണ് ഉത്തപ്പ തിരിച്ചുകയറിയത്.
നേരത്തേ, ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണറായിറങ്ങിയ ഇന്ത്യൻ താരം ശിഖർ ധവാൻ (48 പന്തിൽ 77), ലളിത് യാദവ് (25 പന്തിൽ പുറത്താകാതെ 52 നോട്ടൗട്ട്) എന്നിവരുടെ അർധശതകങ്ങളാണ് ദൽഹിയെ 200 കടക്കാൻ സഹായിച്ചത്. ധവാൻ ഏഴു ഫോറും മൂന്നു സിക്സുമുതിർത്തപ്പോൾ യാദവ് അഞ്ചു ഫോറും മൂന്നു സിക്സുമടക്കമാണ് അമ്പതു കടന്നത്. 10 പന്തിൽ ഒരു ഫോറും സിക്സുമടക്കം പുറത്താകാതെ 27 റൺസെടുത്ത അനൂജ് റാവത്ത്, 15 പന്തിൽ 26 റൺസ് നേടിയ ഹിമ്മത് സിങ് എന്നിവരും ദൽഹിയെ തുണച്ചു. ശ്രീശാന്ത് നാലോവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോൾ കെ.എം. ആസിഫും സുദേശൻ മിഥുനും ഓരോ വിക്കറ്റ് വീഴ്ത്തി. ധവാന്‍റെ വിക്കറ്റ് ശ്രീശാന്തിനായിരുന്നു.
ആറു ടീമുകളുള്ള ഗ്രൂപ് ഇ യിൽ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച കേരളം 12 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. ഹരിയാനക്കും 12 പോയന്‍റുണ്ടെങ്കിലും റൺറേറ്റിൽ കേരളത്തിന് പിന്നിലാണ്. ഡൽഹിക്ക് എട്ടുപോയന്‍റാണുള്ളത്. മൂന്നു കളിയും തോറ്റ പുതുച്ചേരി, ആന്ധ്ര, മുംബൈ ടീമുകൾക്ക് പോയന്‍റ് ഒന്നുമില്ല. കഴിഞ്ഞ ദിവസം കേരളത്തോട് തോറ്റ മുംബൈ വെള്ളിയാഴ്ച നടന്ന കളിയിൽ എട്ടുവിക്കറ്റിന് ഹരിയാനയോടും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.