രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. എലീറ്റ് ഗ്രൂപ്പ് 'എ' മത്സരത്തിൽ മേഘാലയയെ ഇന്നിങ്‌സിനും 166 റണ്‍സിനം തോൽപിച്ച് കേരളം ഏഴുപോയിന്റ് സ്വന്തമാക്കി. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് കേരളം രഞ്ജിയിൽ തിരിച്ചെത്തിയത്. അരങ്ങേറ്റ മത്സരത്തിൽ ആറുവിക്കറ്റ് വീഴ്ത്തിയ ഏഥൻ ആപ്പിൾ ടോമാണ് കളിയിലെ താരം.
357 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് പാഡുകെട്ടിയിറങ്ങിയ മേഘാലയ 191 റണ്‍സിന് പുറത്തായി. നാലുവിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് എതിരാളികളെ ചുരുട്ടിക്കെട്ടിയത്. ആദ്യ ഇന്നിങ്സിലെ ഹീറോ ഏഥൻ ആപ്പിൾ ടോം രണ്ടുവിക്കറ്റെടുത്തു.
75 റൺസെടുത്ത സിജി ഖുറാനയും 55 റൺസെടുത്ത ദിപ്പുവും മാത്രമാണ് മേഘാലയ ബാറ്റിങ് നിരയിൽ പിടിച്ചുനിന്നത്.
എട്ടു വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനായി വത്സല്‍ ഗോവിന്ദ് സെഞ്ച്വറി പൂര്‍ത്തിയാക്കി. 193 പന്തില്‍ എട്ടു ഫോറും സിക്‌സും സഹിതം 106 എടുത്ത വത്സല്‍ പുറത്താകാതെ നിന്നു. 43 പന്തിൽ 19 റൺസുമായി പ്രതിരോധിച്ച് കളിച്ച വെറ്ററന്‍ താരം എസ്. ശ്രീശാന്തിന്റെ പിന്തുണയിലാണ് വത്സല്‍ സെഞ്ച്വറി തൊട്ടത്.
ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് ബാറ്റ്‌സ്മാന്മാര്‍ സെഞ്ചുറി കണ്ടെത്തിയതോടെ 505-9 എന്ന നിലയിൽ കേരളം ഡിക്ലയര്‍ ചെയ്തത്. വത്സലിനൊപ്പം രോഹന്‍ കുന്നുമ്മലും (107) പി. രാഹുലുമാണ് (107) സെഞ്ചുറി നേടിയത്. ആദ്യ ഇന്നിങ്‌സില്‍ മേഘാലയ 148 റണ്‍സിന് പുറത്തായിരുന്നു. ഏഥനൊപ്പം മനു കൃഷ്ണൻ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ടുവിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.