ഐ.പി.എല്ലിൽ നിരവധി ആരാധകരുണ്ടെങ്കിലും അവരുടെ പ്രതീക്ഷകൾക്കൊത്ത് ഇതുവരെ ഒന്നുംതന്നെ സമ്മാനിക്കാൻ കഴിയാത്ത ടീമാണ് പഞ്ചാബ് കിങ്സ്. മികച്ച താരനിര ടീമിൽ ഉണ്ടായിട്ടുപോലും മൈതാനത്ത് തിളങ്ങാനാവാതെ കളമൊഴിയേണ്ടിവന്നു. എന്നാൽ, ഇത്തവണ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ആദ്യ മത്സരത്തിന് ടീം ഇറങ്ങുക.
ഇന്ത്യൻ ക്രിക്കറ്ററും ഇടൈങ്കയൻ ബാറ്റ്സ്മാനുമായ ശിഖർ ധവാന്റെ നായകത്വത്തിൽ മൈതാനത്ത് എത്തുന്ന ടീമിന് ഇത്തവണ വലിയ പ്രതീക്ഷകളുണ്ട്. 2008ൽ കിങ്സ് ഇലവൻ പഞ്ചാബ് രൂപവത്കരിച്ച് പ്രഥമ ഐ.പി.എൽ മത്സരത്തിൽ തന്നെ അനായാസം സെമിഫൈനൽ വരെ എത്തിയിരുന്നു.2014ൽ ആത്മവിശ്വാസത്തോടെ കളിച്ച സംഘം ഫൈനൽ വരെ എത്തിയെങ്കിലും അവിടെയും ഭാഗ്യം തുണച്ചില്ല. കൊൽക്കത്തയോട് ഏഴു വിക്കറ്റിനായിരുന്നു തോറ്റത്. പിന്നീട് ടീമിൽ കാര്യമായ വ്യത്യാസം വരുത്തിയെങ്കിലും വ്യക്തിഗത സ്കോറുകൾ ഉയർന്നതല്ലാതെ കിരീടനേട്ടത്തിലേക്കുള്ള പാത വെട്ടിത്തുറക്കാനായിട്ടില്ല.
രണ്ടു തവണയാണ് പ്ലേ ഓഫിൽ പോലും എത്തിയത്. ഇത്തവണ ശുഭപ്രതീക്ഷയിലാണ് സംഘം. ശിഖർ ധവാൻ, ബാനുക രാജപക്സ, സാം കറൻ, ലിയാം ലിവിങ് സ്റ്റോൺ എന്നിവരാണ് ബാറ്റിങ്ങിൽ പ്രതീക്ഷ നൽകുന്ന താരങ്ങൾ. സാം കറൻ ഓൾറൗണ്ടറായുണ്ട്. പേസർമാരായ അർഷ്ദീപ് സിങ്, കഗിസോ റബാദ, സ്പിന്നർ രാഹുൽ ചഹർ എന്നിവർ ബൗളിങ്ങിൽ പ്രതീക്ഷ നൽകുന്ന താരങ്ങളാണ്. ഒത്തിണക്കത്തോടെ കളിക്കാനും തുടക്കം തന്നെ ഫോമിലാവാനും കഴിഞ്ഞാൽ ടീമിന്റെ കിരീടസ്വപ്നം പൂവണിയും.
ആസ്ട്രേലിയക്കാരൻ ട്രെവർ ഹാർലി ബെയ്ലിസാണ് പഞ്ചാബിന്റെ പരിശീലകൻ. 2004ൽ പരിശീലന രംഗത്ത് ഔദ്യോഗികമായി ഇറങ്ങിയശേഷം ഇതുവരെ ഏഴു ടീമുകളുടെ ചുമതല വഹിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും സൺറൈസേഴ്സ് ഹൈദരാബാദിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.