ഇതിഹാസ നായകൻ എം.എസ്. ധോണിയെ അഭിനന്ദിച്ചും അദ്ദേഹത്തിന്‍റെ വിജയരഹസ്യവും വെളിപ്പെടുത്തിയും ഇന്ത്യൻ താരം കെ.എൽ. രാഹുൽ. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ ധോണി, ഈ സീസണോടെ ഐ.പി.എല്ലിൽനിന്നു വിരമിക്കുമെന്ന അഭ്യൂഹം ശക്തമാണ്.
ധോണിയുടെ നായകത്വത്തിൽ മൂന്നു പ്രധാന ഐ.സി.സി കിരീടം ചൂടിയ ടീം ഇന്ത്യ, ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നാലു തവണ ചാമ്പ്യന്മാരാക്കുകയും ടീമിന് രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ട്വന്‍റി20 കിരീടം നേടികൊടുക്കുകയും ചെയ്തു. ‘എം.എസ്. ധോണിയായിരുന്നു എന്റെ ആദ്യ ക്യാപ്റ്റൻ. അദ്ദേഹം ടീമിനെ കൈകാര്യം ചെയ്യുന്നതും ശാന്തതയും തിരശീലക്കു പിന്നിൽ ചെയ്യുന്ന കാര്യങ്ങളും ഞാൻ നേരിട്ടു കണ്ടു. ഓരോ വ്യക്തിയുമായും ആത്മബന്ധം സ്ഥാപിക്കുന്നത് അദ്ദേഹത്തിൽനിന്ന് ഞാൻ പഠിച്ച കാര്യമാണ്. സഹതാരങ്ങൾ നിങ്ങൾക്കൊപ്പം, നിങ്ങൾക്കുവേണ്ടി പോരാടുന്ന ഒരു ബന്ധം നിങ്ങൾ കെട്ടിപ്പടുക്കേണ്ടതുണ്ട്’ -രാഹുൽ ഒരു യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തി.
‘ധോണി വിരമിച്ചപ്പോൾ, ഡ്രസിങ് റൂമിന്റെ ഭാഗമല്ലാതായപ്പോൾ മാത്രമാണ് ആ മനുഷ്യന്റെ സാന്നിധ്യം നൽകിയ ഊർജവും മഹത്വവും ഞാൻ തിരിച്ചറിഞ്ഞത്. ധോണി നയിക്കുന്ന ടീമിന്‍റെ ഭാഗമാകുക, അദ്ദേഹത്തോടൊപ്പം ഡ്രസിങ് റൂം പങ്കിടുക എന്നത് ഒരു പക്ഷേ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും സ്വപ്നമായിരിക്കും. കളിക്കളത്തിൽ പോലും അവൻ വളരെ ശാന്തനാണ്. അവൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും സമതുലിതമായിരിക്കും’ -രാഹുൽ കൂട്ടിച്ചേർത്തു.
അളുകളുമായി ബന്ധം സ്ഥാപിക്കാൻ ധോണിക്ക് അവന്‍റേതായ വഴികളുണ്ട്. കൂടെ കളിക്കുന്നവരെ കുറിച്ച് അവന് എല്ലാം കാര്യങ്ങളും അറിയാം. ഇതൊക്കെയാണ് ധോണിയെ ഒരു ഇതിഹാസ നായകനാക്കുന്നതെന്നും രാഹുൽ പറഞ്ഞു. നിലവിൽ ചെന്നൈ പ്ലേ ഓഫിനരികിലാണ്. 13 മത്സരങ്ങളിൽനിന്ന് 15 പോയന്‍റുമായി രണ്ടാമതാണ് ടീം. ഐ.പി.എൽ മത്സരത്തിനിടെ പരിക്കേറ്റ് രാഹുൽ ചികിത്സയിലും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.