‘20 വർഷത്തിനിടെ ഒരു മുൻനിര ബാറ്ററും ഇങ്ങനെ കളിച്ചിട്ടില്ല’; കെ.എൽ. രാഹുലിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ പേസർ

ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുൽ ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും ആരാധകരെ നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്സിൽ 41 പന്തിൽ 17 റൺസെടുത്ത് താരം പുറത്തായി. ഒന്നാം ടെസ്റ്റിൽ 20 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.

രാഹുലിന്‍റെ അവസാന ടെസ്റ്റ് അർധ സെഞ്ച്വറി 2022 ജനുവരിയിൽ ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു.

അവസാന സെഞ്ച്വറി ഇതേ എതിരാളികൾക്കെതിരെ 2021 ഡിസംബറിലും. ഇതിനിടെയാണ് മോശം ഫോം തുടരുന്ന രാഹുലിനെ രൂക്ഷമായി വിമർശിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് രംഗത്തെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കുറഞ്ഞ ശരാശരിയില്‍ ഒരു മുന്‍നിര ബാറ്ററും ഇത്രയും ടെസ്റ്റ് കളിച്ചിട്ടുണ്ടാകില്ലെന്ന് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

‘റൺ വരർച്ച തുടരുകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യന്‍ നിരയിലെ ഒരു മുന്‍നിര ബാറ്ററും കുറഞ്ഞ ശരാശരിയില്‍ ഇത്രയും ടെസ്റ്റ് കളിച്ചിട്ടില്ല. അദ്ദേഹത്തെ ഉള്‍പ്പെടുത്തുമ്പോള്‍ ഫോമിലുള്ള, കഴിവുള്ള താരങ്ങൾക്ക് ആദ്യ പതിനൊന്നില്‍ എത്താനുള്ള അവസരം മനപൂർവം നിഷേധിക്കുകയാണ്’ -പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

ശിഖര്‍ ധവാന് ടെസ്റ്റില്‍ നാല്‍പതിലധികം ശരാശരിയുണ്ട്. മായങ്കിന് രണ്ടു ഇരട്ട സെഞ്ച്വറിയടക്കം നാല്‍പത്തിയൊന്നിലധികവും, ശുഭ്മന്‍ ഗില്‍ മികച്ച ഫോമിലാണ്, സർഫറാസിന്‍റെ കാത്തിരിപ്പ് അവസാനിക്കുന്നില്ല..

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ പതിവായി അവഗണിക്കപ്പെടുകയാണെന്നും പ്രസാദ് വിമർശിച്ചു.

രാഹുലിന്‍റെ ഉൾപ്പെടുത്തൽ നീതിയിലുള്ള വിശ്വാസത്തിൽ വിള്ളലുണ്ടാക്കുന്നു. എസ്.എസ് ദാസിന് മികച്ച കഴിവുണ്ടായിരുന്നു, അതുപോലെ എസ്. രമേശും, ഇരുവരുടെയും ശരാശരി 38ലധികമാണ്, എങ്കിലും 23 ടെസ്റ്റ് മത്സരങ്ങൾക്കപ്പുറം കളിക്കാനായില്ല. രാഹുലിനെ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ഇന്ത്യയിൽ കഴിവുള്ള ബാറ്റർമാരില്ലാത്തതിനാലാണെന്ന പ്രതീതി സൃഷ്ടിക്കുന്നു, അത് ശരിയല്ല. കഴിഞ്ഞ അഞ്ചു വർഷമായി 47 ഇന്നിങ്സുകളിൽ അദ്ദേഹത്തിന്റെ ശരാശരി 27ൽ താഴെയാണ്. അദ്ദേഹത്തിന്റെ പ്രകടനം ശരാശരിക്ക് താഴെയാണെന്നും നിലവിലെ മികച്ച പത്ത് ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ രാഹുലില്ലെന്നും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - KL Rahul's "Inclusion Shakes Belief In Justice": India Great Opener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.