ബംഗളൂരു: ഐ.പി.എല്ലിൽ ഏറ്റവുമധികം കിരീടങ്ങൾ നേടിയ ടീമാണ് മുംബൈ ഇന്ത്യൻസ്. അഞ്ചു തവണ ജേതാക്കളായവർ പക്ഷേ, കഴിഞ്ഞ വർഷം തോറ്റുതോറ്റ് പോയന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തായി. ഇക്കുറി രോഹിത് ശർമയും സംഘവും അങ്കം കുറിക്കുന്നത് നാണക്കേട് മാറ്റിയെടുക്കാനുറച്ചാണ്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആതിഥേയരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഞായറാഴ്ചത്തെ എതിരാളികൾ. ഫാഫ് ഡു പ്ലസിസാണ് ബാംഗ്ലൂരിന്റെ നായകനെങ്കിലും പ്രധാന ആകർഷണം മുൻനിര ബാറ്ററും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ വിരാട് കോഹ്ലി തന്നെ. ദേശീയ ടീം ക്യാപ്റ്റൻസിയിൽ കോഹ്ലിയുടെ പിൻഗാമിയായ രോഹിത് മുംബൈയെ നയിക്കുമ്പോൾ ഇരുതാരങ്ങളും തമ്മിലെ നേർക്കുനേർ പോരാട്ടമാവും ഇന്നത്തെ മത്സരം.
മുഖാമുഖക്കണക്കിൽ മുൻതൂക്കം മുംബൈക്കാണ്. 30ൽ 17 മത്സരങ്ങൾ ജയിച്ചു. 12ൽ ജയം റോയൽ ചലഞ്ചേഴ്സിനൊപ്പം നിന്നപ്പോൾ ഒന്ന് ടൈയായി. ഇരു ടീമിന്റെ റൺവേട്ടക്കാരിൽ മുന്നിൽ രോഹിതും കോഹ്ലിയും തന്നെ. പലതവണ പ്ലേ ഓഫിലും ഫൈനലിലുമെത്തിയിട്ടും ഒരിക്കൽപോലും കിരീടമുയർത്താൻ ഭാഗ്യമില്ലാതെപോയ ടീമാണ് ബാംഗ്ലൂർ.
പരിക്കുകൾ ഇരു കൂട്ടരെയും അലട്ടുന്നുണ്ട്. പരിക്കേറ്റ ആസ്ട്രേലിയൻ താരങ്ങളായ ജോഷ് ഹേസൽവുഡിന്റെയും ഗ്ലെൻ മാക്സ് വെല്ലിന്റെയും സേവനം ബാംഗ്ലൂരിന് ലഭിക്കില്ല. പേസർ ജസ്പ്രീത് ബുംറയുടെ അഭാവമാണ് മുംബൈ നിരയിലെ പ്രധാന പ്രശ്നം. രോഹിതിനും പേസർ ജോഫ്ര ആർചറിനും പരിക്കുമൂലം കളിക്കാനാവില്ലെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കോച്ച് മാർക് ബുച്ചർ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.