സൗരവ് ഗാംഗുലിയും വിരാട് കോഹ്ലിയും തമ്മിലുള്ള ഭിന്നത അത്ര രഹസ്യമല്ല. കോഹ്ലി ഇന്ത്യൻ ടീമിന്‍റെ നായകനും ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സമയത്താണ് ഇരുവർക്കുമിടയിൽ ഭിന്നത രൂപപ്പെടുന്നത്. ഇന്ത്യൻ ഏകദിന ടീമിന്‍റെ നായക സ്ഥാനത്തുനിന്ന് കോഹ്ലി ഒഴിഞ്ഞതിനു പിന്നാലെയാണ് തർക്കം പരസ്യമാകുന്നത്.
ഇരുവർക്കുമിടയിലെ ഭിന്നത ഇപ്പോഴും അതുപോലെ തന്നെ തുടരുന്നുവെന്ന് തെളിയിക്കുന്നതാണ് ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നടന്ന രണ്ടു നാടകീയ രംഗങ്ങൾ. മത്സരശേഷം ഗാംഗുലിയും കോഹ്ലിയും പരസ്പരം ഹസ്തദാനം നൽകാതെ പോകുന്നതാണ് ഇതിലൊന്ന്. മത്സരത്തിനിടെ ക്യാച്ച് എടുത്ത ശേഷം ഗാംഗുലി ഇരിക്കുന്ന ഭാഗത്തേക്ക് വളരെ രൂക്ഷമായി കോഹ്ലി നോക്കുന്നതാണ് മറ്റൊന്ന്. ഇതിന്‍റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷം പിടിച്ച് ആരാധകരുടെ വലിയ ചർച്ചകളും നടക്കുന്നുണ്ട്. കോഹ്ലി റിക്കി പോണ്ടിങ്ങുമായി സംസാരിക്കുമ്പോൾ, വരി തെറ്റിച്ച് ഗാംഗുലി ഹസ്തദാനം നൽകാതെ പോയെന്നാണ് ഒരുവിഭാഗം സമൂഹമാധ്യമങ്ങളിൽ വാദിക്കുന്നത്. കോഹ്ലി മനപൂർവം ഗാംഗുലിക്ക് ഹസ്തദാനം നൽകിയില്ലെന്നാണ് വിഡിയോ ചൂണ്ടിക്കാട്ടി മറ്റു ചിലർ പ്രതികരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹിക്കെതിരെ 23 റൺസിനായിരുന്നു ബാംഗ്ലൂരിന്‍റെ ജയം.
ഡൽഹിയുടെ തുടർച്ചയായി അഞ്ചാം തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ആര്‍.സി.ബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.