ബംഗളൂരു: മഴമേഘങ്ങൾ ആകാശക്കാഴ്ചകൾ മാത്രമല്ല, ടീമുകളുടെ േപ്ല ഓഫ് സ്വപ്നങ്ങൾ കൂടി മറച്ചുനിർത്തുന്ന നാളുകളിൽ ബംഗളൂരു മൈതാനത്ത് ഇന്ന് നിർണായക അങ്കം. േപ്ലഓഫിനു മുമ്പേയുള്ള ‘ക്വാർട്ടർ’പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ചെന്നൈ സൂപർ കിങ്സും ബംഗളൂരു റോയൽ ചലഞ്ചേഴ്സും തമ്മിലാണ് പോരാട്ടം.
മൂന്ന് ടീമുകൾ ഇതിനകം യോഗ്യത ഉറപ്പാക്കി കഴിഞ്ഞ േപ്ലഓഫിലേക്ക് അവസാന നറുക്കുകാരാകാനാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. സാധ്യതകളിൽ ചെന്നൈ ഒരു പടി മുന്നിലാണെങ്കിലും വലിയ മാർജിനിൽ ജയിച്ച് കിരീട സ്വപ്നങ്ങൾ സജീവമാക്കുകയാണ് ആർ.സി.ബിയുടെ ലക്ഷ്യം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് ഇതിനകം േപ്ലഓഫിൽ ഇടമുറപ്പിച്ചത്.
ശനിയാഴ്ച ബംഗളൂരുവിനെതിരെ മത്സരം ജയിച്ചാലും മഴമൂലം ഉപേക്ഷിച്ചാലും ചെന്നൈക്ക് കടന്നുകൂടാം. തോൽവി വഴങ്ങിയാൽപോലും വലിയ മാർജിനിൽ അല്ലെങ്കിൽ സി.എസ്.കെക്ക് അവസരമുണ്ട്. നിലവിൽ അവർക്ക് 14 പോയന്റും ബംഗളൂരുവിന് 12 പോയന്റുമാണുള്ളത്. നിലവിൽ ചെന്നൈ റൺറേറ്റ് +0.528ഉം ആർ.സി.ബിയുടേത് +0.387ഉം ആണ്.
അതേസമയം, ബംഗളൂരുവിന് ചെന്നൈക്കെതിരെ ജയം മാത്രം പോര. മികച്ച മാർജിനിൽ തന്നെ ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് 200 റൺസ് എടുത്താൽ കുറഞ്ഞത് 18 റൺസിനെങ്കിലും ജയിക്കണം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ 200 റൺസ് കുറിച്ചാൽ ബംഗളൂരു 11 പന്ത് ബാക്കിനിൽക്കെ ജയം നേടിയിരിക്കണം.
ഇന്ന് ബംഗളൂരു മൈതാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 40-50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റും അടിച്ചുവീശാം. ദിവസങ്ങളായി മഴ ശക്തമായി ചൊരിയുന്ന നഗരത്തിൽ ഇന്നും അത് തുടർന്നാൽ ആതിഥേയർക്ക് മടക്കം ഉറപ്പാക്കാം.
എന്നാൽ, മഴ പെയ്താലും നേരത്തെ തോർന്നാൽ അതിവേഗം കളിയാരംഭിക്കാവുന്ന മികച്ച സംവിധാനമുള്ള മൈതാനമാണ് ചിന്നസ്വാമി സ്റ്റേഡിയം. ആദ്യ എട്ടു കളികളിൽ ഏഴും തോറ്റ ശേഷം വമ്പൻ തിരിച്ചുവരവ് നടത്തിയാണ് ബംഗളൂരു ഇത്രവരെയെങ്കിലും നടത്തിയത്. ഒരിക്കലെങ്കിലും കിരീടം പിടിക്കുകയെന്ന സ്വപ്നമാകും ഇന്ന് ടീമിന്റെ പ്രകടനങ്ങൾക്ക് തീ പകരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.