ബിർമിങ്ഹാം: ന്യൂസിലൻഡിനെതിരായ പരമ്പരയിൽ നിർത്തിയയിടത്തുനിന്ന് ജോണി ബെയർസ്റ്റോ തുടങ്ങിയപ്പോൾ എഡ്ജ്ബാസ്റ്റൻ ടെന്നിസിൽ ആസന്നമായ വൻ തകർച്ചയിൽനിന്ന് കരകയറി ഇംഗ്ലണ്ട്. തുടർച്ചയായ മൂന്നാം ടെസ്റ്റിലും ശതകം പൂർത്തിയാക്കിയ ബെയർസ്റ്റോയുടെ മികവിൽ ആതിഥേയർ ഒന്നാമിന്നിങ്സിൽ 284 റൺസിലെത്തി. ഇന്ത്യക്ക് 132 റൺസ് ഒന്നാമിന്നിങ്സ് ലീഡ്. ബെയർസ്റ്റോ 140 പന്തിൽ 106 റൺസ് നേടി. രണ്ടാമിന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ രണ്ടിന് 61 എന്ന നിലയിലാണ്. ഓപണർ ശുഭ്മാൻ ഗില്ലും (നാല്) ഹനുമ വിഹാരിയും (11) പുറത്തായി. മറ്റൊരു ഓപണർ ചേതേശ്വർ പുജാരയും (27) വിരാട് കോഹ് ലിയും (13) ആണ് ക്രീസിൽ.
രണ്ടാം ദിനം ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങിയത് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണെങ്കിൽ ഞായറാഴ്ച മുഹമ്മദ് സിറാജിന്റെ ദിവസമായിരുന്നു. 66 റൺസ് വഴങ്ങി നാലുപേരെ മടക്കിയപ്പോൾ മുഹമ്മദ് ഷമി രണ്ടുപേരെയും ശർദുൽ ഠാകുർ ഒരാളെയും പുറത്താക്കി പിന്തുണ നൽകി. ബാക്കി മൂന്ന് വിക്കറ്റ് ബുംറക്കാണ്. അഞ്ച് വിക്കറ്റിന് 84 റൺസെന്ന നിലയിലാണ് ഇംഗ്ലീഷുകാർ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ബെയർസ്റ്റോക്കൊപ്പം ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ (25) ഠാകുറിന്റെ പന്തിൽ ബുംറ പിടിച്ചു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ബെയർസ്റ്റോ അതിവേഗം ടീം സ്കോർ 200 കടത്തി. പിന്നാലെ മഴയും ഉച്ചഭക്ഷണവും. ബെയർസ്റ്റോ ഷമിയുടെ പന്തിൽ പുറത്തായി. സാം ബില്ലിങ്സും (36) മാത്യു പോട്ട്സും (19) നടത്തിയ പോരാട്ടത്തിനും ടീമിനെ 300 കടത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.