ഹൈദരാബാദിനെ ലോക്കാക്കി ഫെർഗൂസൻ; സൂപ്പർ ഓവറിൽ കൊൽക്കത്ത

ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും. എന്നാൽ ദൈവം ഇരുടീമുകളുടെയും പ്രാർഥന ഒരുപോലെ സ്വീകരിച്ചു. കെ.കെ.ആർ മുന്നോട്ടുവെച്ച 163 റൺസ്​ വിജയലക്ഷ്യം പിന്തുടർന്ന എസ്​.ആർ.എച്ചി​െൻറ ഇന്നിങ്​സും 163 റൺസിൽ അവസാനിച്ചു. അവസാന ഒാവർ വരെ നീണ്ട ആവേശം സമാസമമായതോടെ, സൂപ്പർ ഒാവറിൽ ലോക്കി ഫെർഗൂസ​െൻറ കരുത്തിൽ കൊൽക്കത്ത വിജയം സ്വന്തമാക്കി.

നാലോവറിൽ 15 റൺസ്​ മാത്രം വഴങ്ങി ഹൈദരാബാദി​െൻറ മൂന്നുവിക്കറ്റുകൾ പിഴുത ഫെർഗൂസൻ സൂപ്പർ ഓവറിൽ വാർണറെയും സമദിനെയും ക്ലീൻ ബൗൾഡാക്കി ഹൈദരാബാദിനെ രണ്ട് റൺസിലൊതുക്കിയതോടെ വിജയം കൊൽകത്തയുടെ തീരത്തെത്തി.

ഡേവിഡ്​ വാർണർ (33 പന്തിൽ 47), ജോണി ബെയർസ്​റ്റോ (28 പന്തിൽ 36) കെയിൻ വില്യംസൺ (19 പന്തിൽ 29) എന്നിവരായിരുന്നു​ ഹൈദരാബാദിന്​ വേണ്ടി പൊരുതിയത്​. വാലറ്റത്ത്​ 15 പന്തിൽ 23 റൺസുമായി അബ്​ദുൽ സമദ്​ ആഞ്ഞ്​ വീശിയെങ്കിലും സ്​കോർ 163ൽ ഒതുങ്ങുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ വാർണറുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു കൊൽക്കത്തയുടേത്​. പതിഞ്ഞ തുടക്കത്തിൽ രാഹുല്‍ ത്രിപാഠിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഓപ്പണിംഗില്‍ 48 റണ്‍സ് ചേര്‍ത്തു. പിന്നാലെയെത്തിയവരും ടീമിന്​ വമ്പൻ സ്​കോർ സമ്മാനിക്കാൻ തക്കവണ്ണമുള്ള പ്രകടനമൊന്നും നടത്തിയില്ല. എങ്കിലും അവസാന ഓവറുകളില്‍ ഇയാന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 150 കടത്തിയത്​​. കാര്‍ത്തിക് 14 പന്തില്‍ 24 റണ്‍സും. മോര്‍ഗന്‍ 23 പന്തില്‍ 34 റണ്‍സാണ് അടിച്ചുകൂട്ടിയത്​. ഹൈദരാബാദിന്​ വേണ്ടി ബേസില്‍ നാലോവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളെടുത്തു. നടരാജന്‍ നാല്‍പ്പത് റണ്‍സ്​ വഴങ്ങി രണ്ട് വിക്കറ്റുമെടുത്തു. വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, എന്നിവര്‍ ഓരോ വിക്കറ്റുകൾ വീതവും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.