'സർഫറാസിന്‍റെ കാര്യത്തിൽ വിഷമമുണ്ട്, എന്നാൽ വലിയ താരങ്ങൾ വരുമ്പോൾ ഇതേ നടക്കൂ'; മുതിർന്ന താരത്തെ പിന്താങ്ങി ക്രിസ് ശ്രീകാന്ത്

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ സർഫറാസ് ഖാനെ മറികടന്ന് കെ.എൽ. രാഹുൽ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സെപ്റ്റംബർ 19ന് ചെന്നൈയിൽ വെച്ച് നടക്കുന്ന മത്സരത്തിലാണ് രാഹുൽ കളിക്കുക. r വർഷം തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കളിച്ച് രാഹുൽ പരിക്കേറ്റ് മടങ്ങിയിരുന്നു. പിന്നീട് ഇപ്പോഴാണ് താരം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇംഗ്ലണ്ട് പരമ്പരയിൽ രാഹുലിന് പകരം സർഫറാസായിരുന്നു ഇന്ത്യക്കായി അഞ്ചാം നമ്പറിൽ കളിച്ചത്. പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു മൂന്ന് മത്സരത്തിൽ നിന്നുമായി സർഫറാസ് നടത്തിയത്. മൂന്ന് അർധസെഞ്ച്വറിയടക്കം 50 ശരാശരിയിൽ നിന്നുമായി 200 റൺസ് നേടാൻ അദ്ദേഹത്തിന് സാധിച്ചു.

എന്നാൽ രാഹുലും സർഫറാസും ഒരുമിച്ച് ഒരു ടീമിൽ ഉൾപ്പെടുമ്പോൾ മുൻഗണന രാഹുലിനാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റർ ക്രിസ് ശ്രീകാന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ മോശമില്ലാതെ കളിക്കുന്നുണ്ടെങ്കിലും വലിയ താരം വരുമ്പോൾ വഴി മാറി കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

'സത്യം പറഞ്ഞാൽ സർഫറാസിന്‍റെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇത് എപ്പോഴും നടക്കുന്ന കാര്യമാണ്. നിങ്ങൾ നന്നായി കളിക്കുന്നുണ്ടാകും എന്നാൽ പോലും വലിയ ഒരു താരം വരുമ്പോൾ നിങ്ങൾ ടീമിന് പുറത്താകും. ഉദാഹരണത്തിന് ഋഷഭ് പന്ത് തിരിച്ചുവരുന്നത് കാരണമാണ് ധ്രുവ് ജുറൽ പോകുന്നത്. രാഹുൽ വരുന്നത് കാരണം സർഫറാസും. ആസ്ട്രേലിയക്കെതിരെയുള്ള പരമ്പര കൂടി കണക്കിലെടുത്താണ് ഇന്ത്യ ടീം തെരഞ്ഞെടുക്കുന്നത്. ന്യൂസിലാൻഡും ഇന്ത്യക്കെതിരെ പരമ്പര കളിക്കാൻ ഒരുങ്ങുന്നുണ്ട്. രാഹുൽ ആസ്ട്രേലിയയിൽ നന്നായി കളിച്ചിട്ടുണ്ട്,' തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ശ്രീകാന്ത് പറഞ്ഞു.

അവസാനം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ രാഹുൽ 86 റൺസ് നേടിയിരുന്നു. 2022ന് ശേഷം ഋഷഭ് പന്ത് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തുന്ന പരമ്പര ആയിരിക്കും ബംഗ്ലാദേശിനെതിരെയുള്ളത്. 

Tags:    
News Summary - kris srikanth backs kl rahul over sarfaraz khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.