ചെന്നൈ: തുടർതോൽവികളുമായി ചെന്നൈ സൂപ്പർകിങ്സ് ഐ.പി.എല്ലിൽ നിന്ന് പുറത്താകുമെന്ന് ഉറപ്പായതിന് പിന്നാലെ നായകൻ എം.എസ് ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. ധോണിയുടെ ടീം തെരഞ്ഞെടുപ്പിനെതിരെ ശ്രീകാന്ത് ആഞ്ഞടിച്ചു.
തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ട ശേഷം യുവതാരങ്ങളെ ടീമിലെടുക്കാത്തത് അവരിൽ 'സ്പാർക്' കാണാത്തതിനാലാണെന്ന് ധോണി പ്രതികരിച്ചിരുന്നു. ധോണിയുടെ ഈ പരാമർശമാണ് സെലക്ഷൻ കമ്മറ്റി മുൻ ചെയർമാൻ കൂടിയായ ശ്രീകാന്തിനെ ക്ഷുഭിതനാക്കിയത്.
തുടർച്ചയായി പരാജയപ്പെട്ട കേദാർ ജാദവ്, പിയൂഷ് ചൗള എന്നിവരെ ടീമിലുൾപ്പെടുത്തുന്നത് എന്ത് സ്പാർക് കണ്ടിട്ടാണെന്നും ഒരു മത്സരം മാത്രം കളിച്ച എൻ.ജഗദീശനെ പിന്നീടുള്ള മത്സരങ്ങളിൽ കളിപ്പിക്കാത്തതെന്താണെന്നും ശ്രീകാന്ത് ചോദിച്ചു. ബാംഗ്ലൂരിനെതിരായ ഒരു മത്സരത്തിൽ മാത്രം കളത്തിലിറങ്ങിയ എൻ.ജഗദീശൻ 33 റൺസെടുത്തിരുന്നു.
കാൺ ശർമ വിക്കറ്റെടുക്കുകയെങ്കിലും ചെയ്യുന്നുണ്ട്. പിയൂഷ് ചൗള വെറുതേ പന്തെറിയുകയാണ്. മത്സരം തോറ്റെന്ന് ഉറപ്പായ ശേഷമാണ് ചൗള പന്തെറിയാനെത്തുന്നത്. ധോണി മഹാനാണെന്നതിൽ എനിക്ക് തർക്കമില്ല. പക്ഷേ ഇത് അംഗീകരിക്കാനാവില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
മെല്ലെപ്പോക്കിന് പഴികേട്ട കേദാർ ജാദവിനെ 'സ്കൂട്ടർ' ജാദവെന്നാണ് ശ്രീകാന്ത് വിമർശിച്ചത്. സ്റ്റാർ സ്പോർട്സ് ചർച്ചക്കിടെയായിരുന്നു ശ്രീകാന്തിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.