അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ സീസണിലെ ഏറ്റവും ചെറിയ സ്കോറിൽ ചുരുട്ടിക്കൂട്ടി ഡൽഹി കാപിറ്റൽസ് ആറു വിക്കറ്റിന്‍റെ അനായാസ ജയമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയർ വെറും 17.3 ഓവറിൽ 89 റൺസിനാണ് കൂടാരം കയറിയത്. ഡൽഹി 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ജയത്തോടെ ഡൽഹി പോയന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി. ഇതിനിടെ മത്സരത്തിൽ ഡൽഹി താരം കുൽദീപ് യാദവ് സഹതാരമായ മുകേഷ് കുമാറിനോട് ചൂടായി സംസാരിക്കുന്നതിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കുൽദീപിന്‍റെ പന്തിൽ ഗുജറാത്ത് ബാറ്റർമാർ സിംഗ്ളിന് ശ്രമിക്കുന്നതിനിടെ പന്ത് കൈയിലൊതുക്കിയ മുകേഷ് അതിവേഗത്തിൽ നോൺ സ്ട്രൈക്കിങ് എൻഡിലെ സ്റ്റംമ്പിനു നേരെ എറിയുന്നതാണ് രംഗം.
ഏറിന്‍റെ വേഗതയിൽ പന്ത് കുൽദീപിന് പിടിക്കാനാവുന്നില്ല. പിന്നാലെയാണ് താരം മുകേഷിനുനേരെ തിരിഞ്ഞ് ദേഷ്യത്തോടെ നിനക്ക് ഭ്രാന്താണോ എന്ന് ചോദിക്കുന്നത്. ഉടൻ തന്നെ നായകൻ ഋഷഭ് പന്ത് വിഷയത്തിൽ ഇടപെടുന്നുണ്ട്. കുൽദീപിന്‍റെ അടുത്തേക്ക് ഓടിയെത്തിയ പന്ത്, ദേഷ്യപ്പെടരുതെന്ന് പറയുന്നതും വിഡിയോയിൽ കാണാം. മത്സരത്തിൽ മുകേഷ് മൂന്നു വിക്കറ്റ് നേടിയിരുന്നു.
ഇഷാന്ത് ശർമയും ട്രിസ്റ്റൻ സ്റ്റബ്സും രണ്ട് വീതവും വിക്കറ്റെടുത്തു. മൂവരുടെയും ബൗളിങ്ങാണ് ഗുജറാത്തിനെ ചെറിയ സ്കോറിലൊതുക്കിയത്. വിക്കറ്റിന് പിന്നിൽ ഉജ്ജ്വലപ്രകടനം നടത്തിയ ഡൽഹി നായകൻ പന്ത് രണ്ടുപേരെ വീതം സ്റ്റമ്പിങ്ങിലൂടെയും ക്യാച്ചിലൂടെയും മടക്കി. 11 പന്തിൽ 16 റൺസുമായി പുറത്താവാതെ നിൽക്കുകയും ചെയ്ത പന്താണ് കളിയിലെ കേമൻ. ഗുജറാത്ത് നിരയിൽ ആദ്യമായി അവസരം ലഭിച്ച മലയാളി പേസർ സന്ദീപ് വാര്യർ മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങിയെങ്കിലും മൂന്ന് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.